പട്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ (Bihar chief minister Nitish Kumar) ജിതൻ റാം മാഞ്ചി(Jitan Ram Majhi). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിതീഷ് കുമാറിന് നൽകുന്ന ഭക്ഷണത്തിൽ ആരോ വിഷം കലർത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ വിവേചനരഹിതമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതെന്ന് മാഞ്ചി പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഡാലോചനകൾ നടക്കുന്നുണ്ട്. അത് അദ്ദേഹത്തിന്‍റെ അവസ്ഥയിൽ നിന്നും വ്യക്തമാണ്.
അതുകൊണ്ടാണ് മഹാവീർ ചൗധരിയുടെ ഫോട്ടോയിൽ മാലയിടുന്നതിന് പകരം ജീവിച്ചിരിക്കുന്ന മകൻ അശോക് ചൗധരിക്ക് പൂക്കൾ അർപ്പിച്ചതെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു. നിയമസഭയിൽ മാഞ്ചിയെ നിതീഷ് കുമാർ വിമർശിച്ചതിന് പുറകെയാണ് വിഷയത്തിൽ മാഞ്ചി പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത് വിഡ്ഢിത്തമായെന്ന് നിതീഷ് : ജിതൻ റാം മാഞ്ചിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് തനിക്ക് പറ്റിയ വിഡ്ഢിത്തമായിരുന്നെന്നാണ് ഇന്നലെ (9.11.2023) നിതീഷ് കുമാർ പരാമർശിച്ചത്. സ്വന്തം പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ച രൂപീകരിച്ച ശേഷം പ്രതിപക്ഷമായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കൊപ്പം നിൽക്കുന്ന മാഞ്ചി സംസ്ഥാന സർക്കാരിന്‍റെ ജാതി സർവേയിൽ സംശയം പ്രകടിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി നിതീഷ് ആഞ്ഞടിച്ചത് (Nitish Kumar slams Jitan Ram Majhi). ആനുകൂല്യങ്ങൾ കൃത്യമായി അർഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നതാണ് മാഞ്ചി ഉന്നയിച്ച വാദം. പിന്നാലെ മുഖ്യമന്ത്രി രോക്ഷാകുലനാവുകയായിരുന്നു.