കൊക്രജാർ/അസം :വിവാദ ട്വീറ്റിന്‍റെ പേരിൽ അസം പൊലീസ് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്‌ത കോണ്‍ഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. 14 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊക്രജാറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം മേവാനിയുടെ ജാമ്യാപേക്ഷ തള്ളി വിധി പുറപ്പെടുവിക്കുകയായിരുന്നു.
അസം സ്വദേശിയായ അരൂപ് കുമാർ ഡേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 19നാണ് കൊക്രജാർ പൊലീസ് സ്റ്റേഷനിൽ മേവാനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണമെന്നായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്.
ട്വീറ്റ് വ്യാപകമായ വിമർശനത്തിന് കാരണമായെന്നും പൊതു സമാധാനം തകർക്കാനുള്ള പ്രവണതയുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് ഇയാൾ കൊക്രജാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ജിഗ്നേഷിന് പിന്തുണയുമായി രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.