അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റും എംഎൽഎയുമായ ജിഗ്നേഷ് മേവാനിക്കും മറ്റ് 18 പേർക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് അഹമ്മദാബാദ് കോടതി. ഗുജറാത്ത് സർവകലാശാലയിലെ നിയമവകുപ്പിലെ കെട്ടിടത്തിന് ഡോ.ബി.ആർ അംബേദ്‌കറുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് കലാപത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും 2016ല്‍ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് അഹമ്മദാബാദിലെ മെട്രോപൊളിറ്റൻ കോടതിയുടെ വിധി. കേസില്‍ മേവാനിയും മറ്റ് 18 പേരും കുറ്റക്കാരാണെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.എൻ ഗോസ്വാമി അറിയിച്ചു.
ഗുജറാത്ത് സര്‍വകലാശാലയിലെ പ്രതിഷേധം; ജിഗ്നേഷ് മേവാനിക്കും 18 പേര്‍ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് അഹമ്മദാബാദ് കോടതി
ഗുജറാത്ത് സർവകലാശാലയിലെ നിയമവകുപ്പിലെ കെട്ടിടത്തിന് ഡോ.ബി.ആർ അംബേദ്‌കറുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ 2016 ല്‍ രജിസ്റ്റർ ചെയ്‌ത കേസില്‍ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ജിഗ്നേഷ് മേവാനിക്കും പതിനെട്ട് പേര്‍ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതി
ഇവര്‍ക്ക് ആറുമാസം തടവും 700 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. മാത്രമല്ല വിധിയെ ചോദ്യം ചെയ്യാൻ പ്രതികളെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്‌തു. കേസില്‍ മേവാനിക്കൊപ്പം രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ എന്നിവരും ഉള്‍പ്പെടുന്നു. അനുമതിയില്ലാതെ റാലി നടത്തിയതിന് 2017ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ മെഹ്‌സാന ജില്ലയിലെ മജിസ്‌റ്റീരിയൽ കോടതി മേവാനിക്കും മറ്റ് ഒമ്പത് പേർക്കും മുമ്പ് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. മാത്രമല്ല ഈ കേസില്‍ ജാമ്യം അനുവദിക്കുന്നതിനിടെ ഗുജറാത്തിന് പുറത്തേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നതും കോടതി വിലക്കിയിരുന്നു.
ചത്ത പശുവിന്‍റെ തോലുരിഞ്ഞതിന് നാല് ദലിത് യുവാക്കളെ മർദിക്കുകയും പരേഡ് ചെയ്യുകയും ചെയ്‌ത ക്രൂരതയ്‌ക്കെതിരെ അഹമ്മദാബാദിൽ നിന്ന് ഉനയിലേക്ക് നടത്തിയ മാർച്ചിലൂടെയും ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർത്ഥിക്കണമെന്നുമുള്ള ട്വീറ്റുകളിലൂടെയുമാണ് ദലിത് നേതാവ് കൂടിയായ ജിഗ്നേഷ് മേവാനി ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.