ജംഷദ്‌പൂര്‍: സമൃദ്ധിയുണ്ടാകുവാനായി നവജാത ശിശുവിനെ ക്ഷേത്രത്തിന്‍റെ 50 അടി ഉയരത്തില്‍ നിന്ന് താഴെ ഇടുന്നത് മുതല്‍ പ്രിയപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍ വിരലുകള്‍ മുറിച്ചു കളയുന്നത് വരെയുള്ള അത്യപൂര്‍വവും വിചിത്രവുമായ ആചാരങ്ങള്‍ ഈ കാലഘട്ടത്തിലും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തില്‍ കാലങ്ങള്‍ പഴക്കം ചെന്ന ആചാരങ്ങളിലൊന്നാണ് ജാര്‍ഖണ്ഡിലെ കിഴക്കെ സിംഗ്ഭും ജില്ലയില്‍ താമസിക്കുന്ന ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ നടക്കുന്നത്. അഞ്ച് വയസുള്ള കുട്ടികള്‍ മരത്തിനെയോ കലുങ്കിനെയോ വിവാഹം കഴിക്കുന്നതാണ് ഈ ആചാരത്തിന്‍റെ സവിശേഷത.
ആചാരം മകരസംക്രാന്തി സമയത്ത്: ഒറീസ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ താമസിക്കുന്നവരാണ് ഇത് പിന്തുടരുന്നത്. മകര സംക്രാന്തിയുടെ രണ്ടാം ദിനത്തിലാണ് ഈ ആചാരം നടക്കുന്നത്. മുന്‍പല്ലിന്‍റെ മുകള്‍ ഭാഗത്ത് രണ്ട് പല്ലുകള്‍ മുളയ്‌ക്കുന്ന കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
ആദ്യമായി കുട്ടികള്‍ക്ക് പല്ലുകള്‍ മുളയ്‌ക്കുന്നത് മുന്‍നിരയിലെ താഴെ ഭാഗത്താണ്. ശേഷം, മുന്‍നിരയില്‍ മുകളിലും താഴ്‌ഭാഗത്തും പല്ലുകള്‍ വളരാന്‍ നാല് മുതല്‍ എട്ട് ആഴ്‌ച വരെ സമയമെടുക്കുന്നു. കുട്ടിയ്‌ക്ക് അനിഷ്‌ഠ സംഭവങ്ങളുണ്ടാവാതിരിക്കാനും ഭാവി സുരക്ഷിതമാക്കാനുമായി കുട്ടിയുടെ കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയോടെ വളരെയധികം ആഘോഷപൂര്‍വമാണ് ഈ ആചാരം നടക്കുക എന്ന് ഗോത്ര വിഭാഗത്തില്‍ അംഗമായ സാരി സിംഗ് സദാര്‍ പറയുന്നു.
മുതിര്‍ന്നവരുടെ നിരീക്ഷണം: 'മുന്‍നിരയിലെ മുകള്‍ഭാഗത്ത് ആദ്യത്തെ രണ്ട് പല്ലുകള്‍ മുളയ്‌ക്കുന്നത് കുട്ടിക്ക് ദോഷകരമായാണ് ഗോത്ര വര്‍ഗക്കാര്‍ കണക്കാക്കുന്നത്. ഇങ്ങനെയുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കുമ്പോള്‍ അവരുടെ ജീവിതപങ്കാളി മരണപ്പെടുന്നതായി മുതിര്‍ന്നവര്‍ നിരീക്ഷിച്ചിരുന്നു. അത്തരത്തിലൊന്നും സംഭവിക്കാതിരിക്കാനാണ് അഞ്ച് വയസാകുമ്പോള്‍ തന്നെ കുട്ടികള്‍ മരങ്ങളെയോ കലുങ്കിനെയോ വിവാഹം കഴിക്കുന്നത്'.
'അവരുടെ ജാതകത്തില്‍ ദോഷങ്ങളുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ കൂടിയാണ് ഇത്തരം ആചാരം നടപ്പിലാക്കുന്നതെന്ന്' സാരി സിംഗ് സദാര്‍ വ്യക്തമാക്കി.