ഗോഡ്ഡ(ജാർഖണ്ഡ്): കാമറയും മൈക്കും കയ്യിലുള്ള ആരും റിപ്പോർട്ടറാകുന്ന കാലമാണിത്. അങ്ങനെയൊരു 'മൈക്കുമായി' സ്വന്തം സ്‌കൂളിന്‍റെ അവസ്ഥ വിവരിക്കുന്ന കുട്ടി റിപ്പോർട്ടറാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ താരം. അധ്യാപകരില്ലാത്ത, കാടുപിടിച്ച് നശിച്ച സ്‌കൂളിന്‍റെ ശോചനീയാവസ്ഥ തന്‍റേതായ രീതിയിൽ റിപ്പോർട്ട് ചെയ്‌താണ് കുട്ടി റിപ്പോർട്ടർ വൈറലാക്കിയത്.
ജാർഖണ്ഡിലെ മഹാഗാമയിലെ ഭിഖിയാചക്കിലെ സർക്കാർ സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർഥിയായ സർഫറാസ് ഖാനാണ് നിഷ്‌കളങ്കമായ റിപ്പോർട്ടിങ്ങിലൂടെ സ്‌കൂളിന്‍റെ ശോചനീയാവസ്ഥ തുറന്നുകാട്ടിയത്. ഇളം പച്ച ടി-ഷർട്ടും ചെറിയ ലുങ്കിയും ധരിച്ച് ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വടി തിരുകിക്കയറ്റി ഉണ്ടാക്കിയ മൈക്കുമായാണ് സർഫറാസ് സ്‌കൂളിന്‍റെ ശോചനീയവസ്ഥ വിശദീകരിച്ചത്. ആദ്യം ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറിയിലേക്ക് പോയി പുറത്ത് നിൽക്കുന്ന രണ്ട് ആൺകുട്ടികളോട് എന്താണ് മറ്റ് വിദ്യാർഥികൾ വരാത്തതെന്ന് ചോദിച്ചു. അധ്യാപകർ ഡ്യൂട്ടിക്ക് ഹാജരായില്ല എന്നതായിരുന്നു വിദ്യാർഥിയുടെ മറുപടി.