റാഞ്ചി: 'അഭിനിവേശത്തിന് മുന്നില്‍ ഏത് തടസങ്ങളും മുട്ടുകുത്തും' എന്ന് പറയാറുണ്ട്. എന്തെങ്കിലും ചെയ്യാനുറച്ചാല്‍ പിന്നെ തടസങ്ങളൊന്നും പ്രശ്‌നമല്ല. ജാര്‍ഖണ്ഡുകാരനായ ധനഞ്ജയ് മാഞ്ചിയുടെ ജീവിതത്തിലും ഒരു പ്രതിസന്ധി ഘട്ടം വന്നു. അന്ന് മാഞ്ചിയെടുത്ത തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. തന്‍റെ ഭാര്യക്ക് പരീക്ഷ എഴുതുന്നതിനു വേണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് ജാര്‍ഖണ്ഡില്‍ നിന്നും സ്‌കൂട്ടിയില്‍ ഗര്‍ഭിണിയായ ഭാര്യയെ പുറകിലിരുത്തി 1200 കിലോമീറ്റര്‍ സഞ്ചരിച്ചു. പ്രതിസന്ധികളില്‍ തളരാതിരുന്ന ദമ്പതികള്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ നാളുകളാണ്. ഇന്ന് ധനഞ്ജയുടെ വീട്ടില്‍ സന്തോഷം നിറച്ചുകൊണ്ട് ഒരു കുഞ്ഞ് പിറന്നു. ദിവസം തികയാതെയാണ് പ്രസവം നടന്നതെങ്കിലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഭാര്യ അനിത അതീവ സന്തോഷത്തിലാണ്.
തോലാ ഗ്രാമത്തില്‍ നിന്നുള്ള ധനഞ്ജയ് മാഞ്ചിയുടെ ഭാര്യ അനിത രണ്ടാം വര്‍ഷ ഡി.എഡ് വിദ്യാര്‍ഥിനിയാണ്. അതിനിടെ ഭാര്യക്ക് പരീക്ഷ അടുത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്തായിരുന്നു ഭാര്യയുടെ പരീക്ഷ. ഗ്വാളിയോറിലേക്ക് ബസ്സില്‍ പോകാമെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയത്. ചില സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ അദ്ദേഹം സമീപിച്ചപ്പോള്‍ ഒരാള്‍ക്ക് പോകുവാന്‍ മാത്രം 15,000 രൂപ ടിക്കറ്റ് നിരക്കാകുമെന്ന് മനസിലായി. ആ സമയത്തെ മാഞ്ചിയുടെ സാമ്പത്തിക സ്ഥിതിയില്‍ അദ്ദേഹത്തിന് ടിക്കറ്റ് തുക വളരെ വലുതായിരുന്നു. അതോടെ അദ്ദേഹം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ അവസാന നിമിഷം ട്രെയിനും റദ്ദാക്കപ്പെട്ടു. അതോടെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പരീക്ഷയെഴുതുവാന്‍ ഭാര്യയെ കൊണ്ടു പോകാന്‍ മറ്റൊരു വഴിയും ധനഞ്ജയിന് മുന്നില്‍ ഇല്ലാതായി. എല്ലാ വഴികളും അടഞ്ഞതോടെ സ്വന്തം കഴിവില്‍ വിശ്വസിച്ചു കൊണ്ട് അദ്ദേഹം ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ ഗ്വാളിയോറിലേക്ക് സ്കൂട്ടറില്‍ കൊണ്ടുപോയി.