റാഞ്ചി :ജാര്‍ഖണ്ഡിലെ ഭരണകക്ഷി എംഎല്‍എമാര്‍, മുഖ്യമന്ത്രി ഹേമന്ത് സോറനൊപ്പം ഖുന്തി ഡാമിന് സമീപത്തെ റിസോര്‍ട്ടില്‍. ഹേമന്ത് സോറന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മുന്നണിയിലെ എംഎല്‍എമാരുമായി അദ്ദേഹം റിസോര്‍ട്ടിലേക്ക് മാറിയത്. മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാജേഷ് താക്കൂര്‍, യുപിഎ എംഎൽഎമാര്‍ എന്നിവര്‍ ഖുന്തിയിലെ ഡാമില്‍ ബോട്ട് സവാരി ചെയ്യുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
READ MORE|ജാര്‍ഖണ്ഡില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷം ; എംഎല്‍മാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു
മുഖ്യമന്ത്രി, റാഞ്ചിയിൽ സ്വന്തം പേരിൽ ഖനനത്തിനുള്ള അനുമതി നേടിയെന്ന് ആരോപിച്ച് ബിജെപി നല്‍കിയ കേസിലാണ് ഹേമന്ത് സോറന്‍ അയോഗ്യനാക്കപ്പെടുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഛത്തീസ്‌ഗഡിലേക്കോ ബംഗാളിലേക്കോ ആണ് ഇവരെ മാറ്റുകയെന്നാണ് നേരത്തേ ലഭിച്ച വിവരം. എന്നാല്‍, എംഎൽഎമാരെ ജാർഖണ്ഡിൽ നിന്ന് മാറ്റാതെ റാഞ്ചിയില്‍ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഖുന്തിയില്‍ താമസിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.
ഓഗസ്റ്റ് 27 ന് ഉച്ചയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് മൂന്ന് ബസുകളിലായാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയെ അയോഗ്യനാക്കാന്‍ ഗവര്‍ണർ രമേഷ് ഭായിസ്, തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് (ഓഗസ്റ്റ് 27) അനുമതി നല്‍കിയേക്കുമെന്ന് സൂചന ലഭിച്ചെങ്കിലും ഇതുവരെ അത്തരമൊരു നടപടി വന്നിട്ടില്ല.