കേരളം

kerala

ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ് ; മനുഷ്യക്കടത്ത് സംഘത്തിന് വിറ്റത് രക്ഷിതാക്കള്‍

ഡല്‍ഹി, യുപി എന്നീ സംസ്ഥാനങ്ങളിലേക്ക് കടത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തി

Jharkhand police rescued human traffic victims  മനുഷ്യക്കടത്തിന് ഇരയായ പെണ്‍കുട്ടികളെ  ജാര്‍ഖണ്ഡ് പൊലീസ്  മനുഷ്യക്കടത്ത്  humantrafick  Jharkhand police
മനുഷ്യക്കടത്തിന് ഇരയായ പെണ്‍കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തി; പെണ്‍കുട്ടികളെ വിറ്റത് രക്ഷിതാക്കള്‍ തന്നെ

By

Published : Oct 4, 2022, 11:05 PM IST

ഗിരിഡീഹ് (ജാര്‍ഖണ്ഡ്) : മനുഷ്യക്കടത്ത് സംഘങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷിച്ച് ജാര്‍ഖണ്ഡ് പൊലീസ്. ജാര്‍ഖണ്ഡിലെ കുന്തി, ഗിരിഡീഹ് എന്നീ ജില്ലകളില്‍ നിന്ന് കടത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

പതിനെട്ട് പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാര്‍ തന്നെയാണ് മനുഷ്യക്കടത്ത് സംഘത്തിന് വിറ്റതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കുന്തി എസ്‌പി അമന്‍ കുമാര്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് ജാര്‍ഖണ്ഡില്‍ നിന്ന് യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലേക്ക് കടത്തിയ പെണ്‍കുട്ടികളെ രക്ഷിച്ചത്. ഈ സംസ്ഥാനങ്ങളിലെ പൊലീസിന്‍റേയും പ്രാദേശിക എന്‍ജിഒകളുടേയും സഹായത്തോടെയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.

ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മനുഷ്യക്കടത്ത് സംഘങ്ങളെ ഗിരിഡീഹ് പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഗിരിഡീഹ് ജില്ലയിലെ നരോബാദ് ഗ്രാമത്തില്‍ നിന്ന് കടത്തിയ പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണത്തില്‍ മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.

ഗിരിഡീഹ് ജില്ലയില്‍ തന്നെയുള്ള മീന ദേവി എന്ന സ്ത്രീയാണ് ഈ സംഘത്തെ നയിച്ചത്. മീന ദേവിയും കൂട്ടാളിയായ ലളിതാകുമാരിയും ബിഹാറിലെ ഗയ സ്വദേശി ശങ്കര്‍ ചൗധരിയും ചേര്‍ന്ന് കുട്ടികളെ രാജസ്ഥാനിലേക്ക് കടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതേ തുടര്‍ന്ന് പൊലീസ് റെയ്‌ഡ് നടത്തുകയും മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ട നിരവധി പേരെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും അമന്‍ കുമാര്‍ പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കുട്ടികള്‍ക്കായുള്ള അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details