പലാമു (ജാര്‍ഖണ്ഡ്):തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ നാടും നഗരവും രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ ബാനറുകളും കളം പിടിക്കാറുണ്ട്. വീടുകയറി വോട്ട് തേടുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി അണികള്‍ക്കുമെല്ലാം ഹസ്‌തദാനം നല്‍കലും അവര്‍ക്കൊപ്പമുള്ള സെല്‍ഫി പകര്‍ത്തലുമെല്ലാമാണ് കുട്ടികളെ സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കാലം. കുറച്ചുകൂടി രാഷ്‌ട്രീയ വിദ്യാഭ്യാസം ലഭിച്ച കുട്ടികളാണെങ്കില്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളില്‍ ഭാഗമാവുകയോ അല്ലെങ്കില്‍ സമപ്രായക്കാരോട് പാര്‍ട്ടി വാഴ്‌ത്തുപാട്ടുകള്‍ പങ്കുവച്ചെന്നും വരാം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തനാവുകയാണ് ഒമ്പതാം ക്ലാസുകാരനായ ഉമശങ്കര്‍ സിങ്.
ആരും സഞ്ചരിക്കാത്ത വഴിയെ: ഉമശങ്കറിന്‍റെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വോട്ടിങിനെ കുറിച്ച് കേട്ടറിവുകളും മാധ്യമങ്ങളിലൂടെയുള്ള കണ്ടറിവുകളും മാത്രമെ കാണൂ. ഒരുപടികൂടി കടന്ന് വോട്ടിങിനോട് അതിയായ ആഗ്രഹമുണ്ടാവുകയാണെങ്കില്‍ കൈവിരലില്‍ മഷികൊണ്ട് വരയിട്ട് ആഗ്രഹം സഫലമാക്കുന്ന ചിലരും കാണാം. എന്നാല്‍ പലാമു സ്വദേശിയായ ഉമശങ്കര്‍ സിങ് ചിന്തിച്ചതാകട്ടെ എന്തുകൊണ്ട് തനിക്ക് ഒരു വോട്ടിങ് മെഷീന്‍ നിര്‍മിച്ചുകൂട എന്നാണ്. അങ്ങനെ ലാപ്‌ടോപും, സ്‌കാനറും തുടങ്ങി തനിക്ക് ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉമശങ്കര്‍ വോട്ടിങിനായൊരു പ്രോഗ്രാം കണ്ടെത്തുകയായിരുന്നു.
കൊച്ചുബുദ്ധിയിലെ വലിയ കണ്ടുപിടിത്തം: ഏതാണ്ട് 25 ദിവസങ്ങളെടുത്താണ് ഉമാശങ്കര്‍ ഈ പ്രോഗ്രാം തയ്യാറാക്കുന്നത്. പ്രോഗ്രാം വികസിപ്പിച്ച ഉടന്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് ഇത് അറിയിച്ചുകൊണ്ട് ഇ മെയില്‍ അയക്കുകയും ചെയ്‌തു. ഇതില്‍ പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങളും ഈ കൊച്ചുമിടുക്കന്‍ പങ്കുവച്ചു. സാധാരണ കുട്ടികളില്‍ നിന്ന് വ്യത്യസ്‌തനായി ചിന്തിച്ച ഉമാശങ്കര്‍ ഇവിടെയും മറ്റൊരു സസ്‌പന്‍സ് ഒളിപ്പിച്ചു. അതായത് ഈ ആശയത്തിനുള്ള പേറ്റന്‍റ് ലഭിക്കാനുള്ള നടപടികളും ഉമാശങ്കര്‍ ആറംഭിച്ചു. മാത്രമല്ല അത് സാധൂകരിക്കുന്നതിനുള്ള കോടതി ബോണ്ടും അവന്‍ തയ്യാറാക്കി.
ആശയം ഉദിച്ചത് ഇവിടെ നിന്ന്:കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിബിഎസ്‌ഇ റാഞ്ചിയില്‍ വച്ച് സംഘടിപ്പിച്ച റീജിയണൽ സയൻസ് എക്സിബിഷനിൽ ഉമാശങ്കർ സിങ് പങ്കെടുത്തിരുന്നു. അവിടെ വച്ച് തന്‍റെ ബയോമെട്രിക്സ് വോട്ടിങ് പ്രോഗ്രാമിനെക്കുറിച്ച് അധ്യാപകര്‍ക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കും അവന്‍ വിശദീകരിച്ചു. അന്ന് അവിടെ നിന്നും ലഭിച്ച കൈയടി ഊര്‍ജമാക്കിയാണ് ഉമാശങ്കര്‍ തന്‍റെ പ്രോഗ്രാം വികസിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. തന്‍റെ ബയോമെട്രിക്സ് വോട്ടിങ് സമ്പ്രദായം ഒരു പ്രോഗ്രാമാണെന്ന് പറയുന്ന ഉമാശങ്കര്‍ ഈ സംവിധാനത്തിലൂടെ മുഴുവന്‍ വോട്ടിങ് പ്രക്രിയയും ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും വ്യക്തമാക്കി. തന്‍റെ ഈ കണ്ടുപിടുത്തതിലൂടെ ഏതൊരു വ്യക്തിക്കും ഇന്ത്യയുടെ ഏത് കോണിൽ നിന്നും വോട്ട് ചെയ്യാമെന്നും വോട്ടിങിന്‍റെ മുഴുവന്‍ പ്രക്രിയകള്‍ക്കും ഒരു മിനിറ്റിൽ താഴെ മാത്രമെ സമയമെടുക്കുകയുള്ളു എന്നും ഉമാശങ്കര്‍ പറയുന്നു.