റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹാതോ (56) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി.
'പരിഹരിക്കാനാകാത്ത നഷ്‌ടമാണ്. നമ്മുടെ ടൈഗർ ജഗർനാഥ് ദാ ഇനി ഇല്ല.. ഇന്ന് ജാർഖണ്ഡിന് മഹത്തായ നേതാക്കളിൽ ഒരാളെ നഷ്‌ടപ്പെട്ടിരിക്കുന്നു. പോരാട്ടവീര്യവും കഠിനാധ്വാനിയുമായ ജനകീയ നേതാവായിരുന്നു അദ്ദേഹം. ചെന്നൈയിൽ ചികിത്സയിലിരിക്കെയാണ് ബഹുമാനപ്പെട്ട ജഗർനാഥ് മഹാതോ ജി അന്തരിച്ചത്. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി.. അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാൻ ദൈവം ആ കുടുംബത്തിന് ശക്തി നൽകട്ടെ..' മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹം ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎയായി ദുമ്രി വിധാൻ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ മാസം സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
2020ൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജഗർനാഥ് മഹാതോ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ശ്വസനവ്യവസ്ഥയിൽ സങ്കീർണതകൾ ഉണ്ടായതിനെ തുടർന്ന് മെച്ചപ്പെട്ട വൈദ്യസഹായത്തിനായി 2020 ഒക്‌ടോബർ 19ന് അദ്ദേഹത്തെ വിമാനമാർഗം ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. 2020 സെപ്റ്റംബറിൽ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് രക്തത്തിലെ ഓക്‌സിജന്‍റെ അളവ് കുറവായതിനാൽ ശ്വസിക്കുന്നതിൽ അദ്ദേഹത്തിന് വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
തുടർന്ന് ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നത്. തുടർന്ന് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയായ എംജിഎം ഹെൽത്ത്‌കെയർ 2021ൽ മഹാതോയ്‌ക്ക് ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയിരുന്നു.