റാഞ്ചി: ഖനി ലൈസൻസ് കേസില്‍ ഹേമന്ത് സോറാന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ സംസ്ഥാനത്ത് നിര്‍ണായക നീക്കം. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതായാണ് വിവരം. മൂന്ന് ബസുകളിലായാണ് എംഎല്‍എമാരെ കൊണ്ടുപോയത്.
ഛത്തീസ്‌ഗഡിലേക്കോ ബംഗാളിലേക്കോ ആണ് ഇവരെ മാറ്റുന്നതെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയെ അയോഗ്യനാക്കാന്‍ ഗവര്‍ണർ രമേഷ് ഭായിസ്, തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് (ഓഗസ്റ്റ് 27) അനുമതി നല്‍കിയേക്കും. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, എംഎല്‍എമാരുടെ യോഗം വിളിച്ച ശേഷമാണ് മാറ്റിപാര്‍പ്പിക്കല്‍ നടപടിയിലേക്ക് തിരിഞ്ഞത്.
ഖനി ലൈസന്‍സ് കേസ് ?: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, റാഞ്ചിയിൽ സ്വന്തം പേരിൽ ഖനനത്തിനുള്ള അനുമതി നേടിയെന്ന് ബിജെപി പരാതി നല്‍കിയതാണ് കേസ്. ഇതേതുടര്‍ന്ന്, ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ട് ദിവസം മുന്‍പ് ഗവർണർക്ക് നല്‍കുകയുണ്ടായി. ഈ സാഹചര്യത്തിലാണ്, മുഖ്യമന്ത്രി പദത്തില്‍ നിന്നും ഹേമന്ത് ഒഴിയേണ്ടിവരുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.
ശേഷമാണ്, ഗവർണർ രമേഷ് ഭായിസ്, ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഒപ്പിട്ടേക്കുമെന്ന് ഓഗസ്റ്റ് 27 ന് ഉച്ചയോടെ വീണ്ടും അഭ്യൂഹമുയര്‍ന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടാലും മത്സരിക്കുന്നതിന് വിലക്കുണ്ടായേക്കില്ല. നിയമസഭാംഗത്വം റദ്ദാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ജെഎംഎം (Jharkhand Mukti Morcha) ആലോചിക്കുന്നതായാണ് വിവരം.
ലക്ഷ്യം ബിജെപി ഓപറേഷന്‍ തടയുകയോ?: ഭരണകക്ഷി എംഎല്‍എമാരെ ബിജെപി കൊണ്ടുപോവാതിരിക്കാനാണ് ഹേമന്ത് സോറന്‍ ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്നാണ് സൂചന. തൃണമൂല്‍ ഭരിക്കുന്ന പശ്ചിമ ബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡും സൗഹൃദ സംസ്ഥാനങ്ങള്‍ എന്ന നിലയ്‌ക്കാണ് എംഎല്‍എമാരെ ഇവിടേക്ക് മാറ്റുന്നത്.
"ബിജെപി ഇതര സർക്കാരുകളുള്ള ഛത്തീസ്‌ഗഡിലോ ബംഗാളിലോ ഞങ്ങളുടെ നിയമസഭാംഗങ്ങളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ബസുകളില്‍ പോവുന്ന എംഎൽഎമാര്‍ക്ക് സുരക്ഷ ഉദ്യോഗസ്ഥരെ ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്. റോഡ് മാർഗം കൊണ്ടുപോകുന്നതിന് അകമ്പടി വാഹനങ്ങളുമുണ്ടാകും", ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്‌ക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ കോൺഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ ഗോത്ര പുത്രന്‍, ഭയമില്ല':ബിജെപിക്കെതിരെ പ്രതികരണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ശനിയാഴ്‌ച(27.08.2022) രംഗത്തെത്തി. താന്‍ ഗോത്ര പുത്രനാണ്, വ്യവസായി അല്ല. ഗോത്രവിഭാഗക്കാരായ പുരുഷന്മാരും സ്‌ത്രീകളും ഒന്നിനേയും ഭയപ്പെടുന്നില്ല. അവകാശത്തിന് വേണ്ടി പോരാടിയ പൂര്‍വികര്‍ ഞങ്ങളുടെ ഡിഎന്‍എയില്‍ നിന്നും ഭയത്തിന്‍റെ കണികകള്‍ എടുത്തുമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നോ?: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന തരത്തില്‍ സംസ്ഥാനത്ത് ആരോപണം ശക്തമായിട്ടുണ്ട്. ഈ രഹസ്യ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ അയോഗ്യനാക്കാന്‍ നിര്‍ദേശിച്ചതായി ബിജെപി വെളിപ്പെടുത്തിയതോടെയാണ് ഇത്തരമൊരു ആരോപണമുയര്‍ന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബിജെപിക്ക് എങ്ങനെ ലഭിച്ചുവെന്ന് സംസ്ഥാന ഭരണകക്ഷി നേതാക്കള്‍ ചോദിക്കുന്നു.