കുപ്‌വാര:ജമ്മു കശ്‌മീരിലെ ഹന്ദ്വാരയിൽ നിന്ന് ജയ്ഷെ-ഇ-മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്‌തതായി പൊലീസ്. കുപ്‌വാരയിലെ ലോലാബിലെ മൈദാൻ പോറ നിവാസിയായ ഉബൈദ് ബഷീർ വാനി എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്‌ച പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ പിടികൂടിയത്. രാജ്വാർ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, 21 റെഗുലർ റിക്രൂട്ട് ഉദ്യോഗസ്ഥരുൾപ്പെട്ട ഹന്ദ്വാര പൊലീസും സിആർപിഎഫിന്‍റെ 92 ബറ്റാലിയനും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
സുൽത്താൻപോറ പാലത്തിൽ കാൽനടയാത്രക്കാർക്കിടയിലും വാഹനങ്ങൾക്കിടയിലുമായി നടത്തിയ അന്വേഷണത്തിൽ ഭീകരനെ സംശയാസ്‌പദമായി പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ മാഗസിനും അഞ്ച് പിസ്റ്റൾ റൗണ്ടുകളും പൊലീസ് കണ്ടെടുത്തു.
ALSO READ: കിഴക്കൻ യുക്രൈനില്‍ ഉപരോധമേര്‍പ്പെടുത്തി യു.എസ്
പ്രദേശത്ത് ആക്രമണം നടത്തുന്നത് ലക്ഷ്യമിട്ടാണ് താൻ ഇവിടെ എത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി. ജയ്ഷെ-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ 'ഹൈബ്രിഡ് ടെററിസ്റ്റ്' (പ്രത്യേക സൈബര്‍ ആക്രമണങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുന്നവർ) ആയതിനാൽ അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാൻ ഭീകരരുടെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.