ഹൈദരാബാദ് : ഗോവയിലെ ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിക്കപ്പെട്ട സംഭവത്തില്‍, പെൺകുട്ടികൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പാടില്ലെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ പ്രസ്‌താവന വന്‍ വിവാദമായിരുന്നു. ജൂലൈ 24നാണ് ഗോവയിലെ കോൾവ ബീച്ചിൽ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയാകുന്നത്.
സംഭവത്തില്‍ സർക്കാർ ഉദ്യോഗസ്ഥനുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് സംഘം അവരെ ഉപദ്രവിച്ചത്.
അതേസമയം കുട്ടികളിലും മാതാപിതാക്കളിലും കുറ്റം ചാരുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിച്ചത്. എന്നാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഗോവ മുഖ്യമന്ത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല. വിവിധ നേതാക്കള്‍ നടത്തിയ വിവാദ പ്രസ്‌താവനകള്‍ പരിശോധിക്കാം.
1. തിരത് സിങ് റാവത്ത്
മുട്ടിന്‍റെ ഭാഗത്ത് കീറിയ ഡിസൈനുള്ള ജീൻസുകള്‍ സ്ത്രീകള്‍ ധരിക്കുന്നത് നല്ല മാതൃകയല്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്‍റെ പരാമര്‍ശം. ഇത് അദ്ദേഹത്തിന് വലിയ ക്ഷീണമുണ്ടാക്കി. രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയിലൂടെ മുഖ്യമന്ത്രിയ്‌ക്കെതിരെ വന്‍ പ്രചാരണം നടത്തി.
2. മീന കുമാരി
സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ കേസുകള്‍ കൂടാന്‍ കാരണം പെൺകുട്ടികൾ മണിക്കൂറുകളോളം ആണ്‍കുട്ടികളുമായി മൊബൈലിൽ സംസാരിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വീട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഓടിപ്പോകുന്നത്.
3. മുലായം സിങ് യാദവ്
അഭിപ്രായ വ്യത്യാസമുണ്ടാകുന്ന സമയങ്ങളില്‍, പെൺകുട്ടി താൻ ബലാത്സംഗത്തിനിരയായതായി പ്രസ്താവന നൽകുന്നത് കാരണം പാവം ആണ്‍കുട്ടികള്‍ക്ക് വധശിക്ഷ ലഭിക്കുന്നു, ഇനി ആൺകുട്ടികളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ പോലും ബലാത്സംഗം നടന്നാല്‍ തൂക്കിക്കൊല്ലേണ്ടതുണ്ടോ - ബലാത്സംഗക്കേസുകളിൽ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വേണമെന്ന വാദത്തെ പിന്തുണച്ചായിരുന്നു എസ് പി മുന്‍ അധ്യക്ഷന്‍റെ പ്രസ്താവന.
4. ശരദ് യാദവ്
ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി നേതാവും മുന്‍ രാജ്യസഭ എം.പിയുമായ ശരദ് യാദവ് 1997 ല്‍ നടത്തിയ പ്രസ്താവന ഇങ്ങനെ. ''വനിത സംവരണ ബിൽ പാസാക്കുന്നതിലൂടെ ഭര്‍ത്താവില്‍ നിന്നും വേർപിരിഞ്ഞു കഴിയുന്ന സ്ത്രീകളെ സഭയിൽ കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു''. പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മാപ്പ് പറയേണ്ടി വന്നു.
2017 ലെ മറ്റൊരു പരാമര്‍ശം ഇങ്ങനെ. പെൺമക്കളെ ബഹുമാനിക്കുന്നതിനേക്കാൾ വലുതാണ് വോട്ടിനുള്ള ബഹുമാനം. പെണ്‍കുട്ടികളുടെ ബഹുമാനം നഷ്ടപ്പെട്ടാൽ ഗ്രാമത്തിന്റെയും പ്രാദേശത്തിന്‍റെയും ബഹുമാനം നഷ്ടപ്പെടും. ഒരിക്കൽ വോട്ട് വിറ്റെങ്കില്‍ രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടും.
5. കൈലാഷ് വിജയ്‌വര്‍ഗീയ
സ്ത്രീകൾ മേക്കപ്പ് ചെയ്യുന്നത് ആളുകളെ ആവേശഭരിതരാക്കുന്നു. ലക്ഷ്മണ രേഖയ്ക്കുള്ളിൽ സ്ത്രീകൾ താമസിക്കുന്നതാണ് നല്ലത്. ഒരു വാക്ക് മാത്രമേയുള്ളൂ - പരിധി. അന്തസ്സ് ലംഘിക്കപ്പെട്ടാൽ, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയ സ്ഥിതിയാവും ഓരോ സത്രീക്കും.
6. ദിഗ്‌വിജയ സിങ്
കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്, സ്വന്തം പാർട്ടിയുടെ വനിത എം.പിയെ ആക്ഷേപിച്ച് ഒരു പരാമര്‍ശം നടത്തി. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ എം.പി മീനാക്ഷി നടരാജനെ "സൗ തക തഞ്ച് മാൾ" എന്ന് വിളിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
7 അഭിജിത് മുഖർജി
നിർഭയ കൂട്ട ബലാത്സംഗത്തിന് ശേഷം ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളിൽ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെയാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനും മുൻ കോൺഗ്രസ് എം.പിയുമായ അഭിജിത് മുഖർജി രംഗത്തെത്തിയത്. മെഴുകുതിരികളുമായി തെരുവിലേക്ക് വരുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ചായം പൂശി പ്രതിഷേധിയ്ക്കുന്ന സ്ത്രീകൾ ഡിസ്കോ ഡാന്‍സിന് പോയ ശേഷമാണ് ഇന്ത്യ ഗേറ്റിൽ വന്ന് പ്രകടനം നടത്തുന്നത് - വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
8. നരേഷ് അഗർവാൾ
ഉത്തർപ്രദേശിലെ ബുദൗണിൽ നടന്ന ബലാത്സംഗം സംബന്ധിച്ച് അഗര്‍വാള്‍ പറഞ്ഞത് ഇങ്ങനെ. ഇന്ന് വീടുകളില്‍ മൃഗങ്ങള്‍ പോലും ബലപ്രയോഗം നടത്തുന്നില്ല.
9. അനിസുർ റഹ്മാൻ
2012 ലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ, സി.പി.എം നേതാവ് അനിസുർ റഹ്മാൻ മമത ബാനര്‍ജിയെ ഇങ്ങനെ പരിഹസിച്ചു.
"മമത ദീദിയ്ക്ക് നഷ്ടപരിഹാരമായി എത്രയാണ് വേണ്ടത്. ബലാത്സംഗത്തിന് അവര്‍ എത്ര പണം സ്വീകരിക്കും?". ബലാത്സംഗ ഇരകൾക്ക് മമത സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അനിസുർ റഹ്മാന്‍റെ പ്രസംഗം. വന്‍ കോളിളക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു.
10. ഷീല ദീക്ഷിത്
2008 ല്‍ ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തെക്കുറിച്ച് ഡൽഹിയുടെ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ പ്രതികരണം
"രാത്രിയില്‍, നഗരത്തിൽ പുലർച്ചെ മൂന്ന് മണിക്ക് ഒറ്റയ്ക്ക് വാഹനമോടിച്ച പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സ്ത്രീകൾ ഒരിക്കലും സാഹസികത കാണിക്കരുത്. മറ്റൊരു വിവാദ പ്രസ്താവന കൂടി അവര്‍ നടത്തി. ''സ്ത്രീകൾ രാത്രിയില്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമാണെന്ന് കരുതുന്നില്ല. ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് "
11. മമത ബാനർജി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാതാപിതാക്കൾ നൽകിയ സ്വാതന്ത്ര്യം കാരണമാണ് ബലാത്സംഗം പോലുള്ള സംഭവങ്ങൾ നടക്കുന്നതെന്നായിരുന്നു മമത ബാനര്‍ജിയുടെ വാദം.
12. ചിരഞ്ജിത് ചക്രവർത്തി
'പാവാട ഓരോ ദിവസവും ചെറുതാകുന്നു. അതിനാല്‍ പെൺകുട്ടികൾക്ക് ലൈംഗീക പീഡന കേസുകളില്‍ ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്'. പിന്നീട് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ - പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഒരു പുതിയ പ്രതിഭാസമല്ല. പുരാതന കാലം മുതൽ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ട്. ഇതൊരു ചെറിയ സംഭവമാണ്. ഇത്തരത്തിലുള്ളത് സംഭവിച്ചില്ലെങ്കില്‍ പിന്നെ എന്ത് സിനിമ. സിനിമകളില്‍ ഒരു വില്ലൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. രാമായണത്തിൽ രാവണൻ വില്ലനായതുപോലെ''.
13. അസം ഖാൻ
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ബി.ജെ.പിയിലെ ജയപ്രദയെ ഉന്നംവച്ച് ഇങ്ങനെ പറഞ്ഞു. ''ഞങ്ങൾ വിരൽ പിടിച്ചാണ് രാംപൂരിലേക്ക് അവരെ കൊണ്ടുവന്നത്. എന്നിട്ട് ഞങ്ങളുടെ പ്രതിനിധിയാക്കി. എന്നാല്‍ അവരുടെ ഉദ്ദേശം കണ്ടെത്താൻ 10 വർഷമെടുത്തു. ഞാൻ 17 ദിവസത്തിനുള്ളിൽ അവളുടെ അടിവസ്ത്രം കാക്കി നിറത്തിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
14. ബൻസിലാൽ മഹാതോ
2017 ൽ ചത്തീസ്‌ഗഡിലെ കോർബയിൽ നിന്നുള്ള മുൻ ബി.ജെ.പി എംപി ബൻസിലാൽ മഹാതോ അന്നത്തെ സംസ്ഥാന കായിക മന്ത്രി ഭയ്യാലാൽ രാജ്‌വാഡെയുടെ പേരെടുത്ത് ഇങ്ങനെ പറഞ്ഞു. ഇപ്പോൾ മുംബൈയിലും കൊല്‍ക്കത്തയിലും, കോർബയിലെ തുരിയിലും ഛത്തീസ്‌ഗഡിലും പെൺകുട്ടികളെ ആവശ്യമില്ലെന്ന് അദ്ദേഹം പലപ്പോഴായി പറയുന്നു. കാരണം അവിടുത്തെ പെൺകുട്ടികൾ അടിച്ചുപൊളിച്ചു നടക്കുന്നവരായി മാറിയിരിക്കുന്നു.
15. ജിതേന്ദ്ര ചട്ടാർ
ഫാസ്റ്റ് ഫുഡ് ആണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു ഹരിയാന - ജിന്ദ് ജില്ലയിലെ ഖാപ് നേതാവ് ജിതേന്ദ്ര ചട്ടാറിന്‍റെ പരാമര്‍ശം. 'ചൈനീസ് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ യുവാക്കളുടെയും സ്ത്രീകളുടെയും ഹോർമോൺ ബാലൻസ് കുറയുന്നു. അതിനാൽ ബലാത്സംഗങ്ങള്‍ക്ക് ഇടയാക്കുന്നു'
16. വിഭ റാവു
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നായിരുന്നു ഛത്തീസ്‌ഗഡ് വനിത കമ്മിഷന്‍ അധ്യക്ഷ വിഭ റാവുവിന്‍റെ വാദം. "സ്ത്രീകൾ പാശ്ചാത്യ സംസ്കാരം സ്വീകരിച്ച് പുരുഷന്മാർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്നു. അവരുടെ വസ്ത്രങ്ങളും പെരുമാറ്റവും പുരുഷന്മാർക്ക് തെറ്റായ സൂചനകള്‍ നൽകുന്നതിന് ഇടയാക്കുന്നു."
17. വി ദിനേശ് റെഡ്ഡി
ആന്ധ്രയിൽ 2011 ല്‍ 1290 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോള്‍ സംസ്ഥാന ഡി.ജി.പി വി ദിനേശ് റെഡ്ഡി പറഞ്ഞതിങ്ങനെ. 'സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ പ്രകോപനപരമായ വസ്ത്രധാരണമാണ്'
18. സി.സി പാട്ടിൽ
സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനകേസുകള്‍ വർധിക്കാൻ കാരണമെന്ന് കർണാടകയിലെ വനിത ശിശുക്ഷേമ മന്ത്രിയായിരുന്ന സി.സി പാട്ടീലും വാദിക്കുകയുണ്ടായി. ശരീരത്തിന്റെ എത്ര ഭാഗം കാണിക്കണമെന്നും എത്രമാത്രം മറയ്ക്കണമെന്നും സ്ത്രീകള്‍ അറിഞ്ഞിരിക്കണമെന്നായിരുന്നു പരാമര്‍ശം.
19. അബു അസ്മി
പഞ്ചസാര വീഴുന്നിടത്ത് ഉറുമ്പ് വരുന്നു. പെട്രോൾ ഉള്ളിടത്ത് തീയുണ്ടാകും. ഇക്കാലത്ത്, പെണ്‍കുട്ടികള്‍ നഗ്നയായി കാണപ്പെടുന്നു. അവര്‍ ഡിസംബർ 31 ന് പുതുവര്‍ഷ പാര്‍ട്ടിക്ക് രാത്രിയില്‍ പോകുന്നു. അവരുടെ കൂടെ ബന്ധുക്കളായ ആണുങ്ങള്‍ ഇല്ല. അത് വലിയ തെറ്റാണ്. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി പറഞ്ഞത് ഇത്തരത്തില്‍.
20. ആശാറാം ബാപ്പു
ഇരകളായവര്‍, കുറ്റവാളികളെ സഹോദരന്മാർ എന്ന് വിളിച്ചിരുന്നെങ്കിൽ ബലാത്സംഗം നടക്കില്ലായിരുന്നു. ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു, നിർഭയ കേസ് സംബന്ധിച്ചാണ് ഇങ്ങനെ പ്രതികരിച്ചത്.
21. കിരൺ ബേദി
മാധ്യമങ്ങൾ ഒരിക്കൽ പോലും അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യാറില്ല. താഴ്ന്ന റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചെറിയ ബലാത്സംഗത്തെക്കുറിച്ച് എങ്ങനെ ചർച്ച ചെയ്യാമെന്നാണ് അവര്‍ നോക്കുന്നത്. ആദ്യത്തെ വനിത ഐ.പി.എസ് ഓഫിസർ എന്നറിയപ്പെടുന്ന കിരൺ ബേദി ബലാത്സംഗത്തെ നിസാരവത്കരിച്ച് വിവാദത്തില്‍പ്പെട്ടു.
ALSO READ:ഗോവ പീഡനം; മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം: #JeeneDo Campaign