ന്യൂഡല്‍ഹി: ബിഹാറിലെ അപ്രതീക്ഷിത രാഷ്ട്രീയ തിരിച്ചടിയില്‍ പകച്ച് നില്‍ക്കുകയാണ് ബിജെപി. മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ബിഹാറില്‍ ബിജെപിയെ ഞെട്ടിച്ച് ജെഡിയുവിന്‍റെ മുന്നണി മാറ്റം. മാസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.
എൻഡിഎയിലെ മറ്റ് കക്ഷികള്‍ ജെഡിയുവിന്‍റെ പാത പിന്തുടര്‍ന്നാല്‍ വരും നാളുകള്‍ ദുഷ്‌കരമാകുമെന്ന ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ബിഹാറിലുണ്ടായത്. ദീർഘകാലമായി ഒപ്പമുള്ള പാർട്ടികൾ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിനും ബിജെപി തങ്ങളെ അപമാനിച്ചെന്ന് ആരോപിക്കുന്നതും സഖ്യത്തിലെ മറ്റ് പാര്‍ട്ടി നേതാക്കളോട് ബിജെപി നേതാക്കള്‍ പുലര്‍ത്തുന്ന സമീപനത്തെ കുറിച്ചും ദേശീയ തലത്തിലും പ്രാദേശിക പാർട്ടികൾക്കിടയിലും ഇപ്പോൾ വലിയ ചർച്ചയാണ്.
അകാലിദളും ശിവസേനയും: ഒരു വർഷം മുമ്പ് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളുടെ പശ്‌ചാത്തലത്തില്‍ ശിരോമണി അകാലിദൾ എൻഡിഎ വിട്ടപ്പോൾ ഉന്നയിച്ച ആരോപണങ്ങളിലൊന്ന് തങ്ങളുടെ പാർട്ടിയെ മോദി സർക്കാർ ചെവിക്കൊണ്ടില്ലെന്നായിരുന്നു. 2019ല്‍ എൻഡിഎയിൽ നിന്ന് വേര്‍പിരിയുന്നതിന് മുമ്പ് ശിവസേനയും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിച്ചത്. ബിജെപി തങ്ങളുടെ നേതാക്കളെ വീണ്ടും വീണ്ടും അപമാനിക്കുകയാണെന്നായിരുന്നു ശിവസേനയുടെ ആരോപണം.
വാജ്‌പേയിയുടെ കാലം മുതൽ ബിജെപിക്കൊപ്പമുള്ള രണ്ട് പാര്‍ട്ടികളായിരുന്നു ശിരോമണി അകാലിദളും ശിവസേനയും. ഈ പാർട്ടികളെ അവസരവാദികളെന്ന് വിളിച്ച് ബിജെപി തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളുന്നുണ്ടെങ്കിലും പിരിഞ്ഞുപോയ എല്ലാ സഖ്യകക്ഷികളെയും അനുനയിപ്പിക്കാനോ തടയാനോ പോലും ബിജെപി ശ്രമിച്ചില്ലെന്നതാണ് സത്യം. ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയില്‍ നിന്ന് രാജി വച്ച് എസ്‌പിയില്‍ ചേർന്ന സ്വാമി പ്രസാദ് മൗര്യയും മറ്റ് ചെറിയ കക്ഷികളും ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞതൊന്നും സംസ്ഥാനത്തെ ഉന്നത നേതാക്കൾ ചെവിക്കൊണ്ടില്ലെന്നാരോപിച്ചാണ് പാർട്ടി വിട്ടത്.