കൊച്ചുമകള്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ എംഎല്‍എ എത്തിയത് തോക്കുമായി പട്‌ന: കയ്യില്‍ തോക്കുമായി ആശുപത്രിയിലെത്തി ഭീതി സൃഷ്‌ടിച്ച് ജനതാദള്‍ (യു) എംഎല്‍എ (Janata Dal MLA) ഗോപാല്‍ മണ്ടല്‍ (Gopal Mandal). തന്‍റെ കൊച്ചുമകള്‍ക്ക് സിടി സ്‌കാന്‍ എടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ (Jawaharlal Nehru medical college) എത്തിയപ്പോഴായിരുന്നു എംഎല്‍എ തോക്കുമായി എത്തിയത്. എന്തിനാണ് തോക്കുമായി എത്തിയത് എന്ന ചോദ്യത്തിന് ഇത് കയ്യില്‍ പിടിക്കാനുള്ളതാണ് അല്ലാതെ ഉള്ളില്‍ വയ്‌ക്കാനല്ല എന്നായിരുന്നു എംഎല്‍എയുടെ മറുപടി.
തോക്ക് കയ്യില്‍ പിടിക്കുന്നത് തന്‍റെ രീതിയാണെന്നും അണികള്‍ക്ക് അത് ഇഷ്‌ടമുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. 'രാഷ്‌ട്രീയമായി എനിക്ക് നിരവധി ശത്രുക്കള്‍ ഉണ്ട്. അതിനാലാണ് ആയുധവുമായി നടക്കുന്നത്' -ഗോപാല്‍ മണ്ടല്‍ പ്രതികരിച്ചു.
'നേരത്തെ കുറ്റവാളികള്‍ എന്‍റെ പിന്നാലെയുണ്ടായിരുന്നു. അതിനാല്‍ തന്നെ തോക്ക് ഞാന്‍ കയ്യില്‍ കൊണ്ടു നടന്നിരുന്നു. എന്നാലിപ്പോള്‍ രാഷ്‌ട്രീയക്കാരാണ് എന്‍റെ പിന്നില്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ഞാന്‍ എംപിയാകുമെന്ന് അവര്‍ക്കറിയാം. അതിനാലാണ് അവര്‍ എന്‍റെ പിന്നാലെ കൂടിയിരിക്കുന്നത്. സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഞാന്‍ കയ്യില്‍ തോക്കുമായി പോകുന്നത്.
എനിക്കെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഞാന്‍ അവന് നേരെ വെടിയുതിര്‍ക്കും. എനിക്ക് വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ ഏറ്റവും അധികവുമുള്ളത് ഞങ്ങളുടെ സമുദായത്തില്‍ തന്നെയാണ്. അവര്‍ എന്നെ ഇനിയുള്ള തെരഞ്ഞെടുപ്പില്‍ എംപിയാക്കും' -ബിഹാറില്‍ നടന്ന ജാതി അധിഷ്‌ഠിത സര്‍വേയുടെ ഫലത്തില്‍ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. സിടി സ്‌കാനിന് ശേഷം കൊച്ചുമകളുടെ ആരോഗ്യത്തില്‍ ആശങ്കയില്ലെന്നും എംഎല്‍എ അറിയിച്ചു.
വനിത കോണ്‍ഗ്രസ് നേതാവിന്‍റെ മുഖത്തടിച്ചയാള്‍ പിടിയില്‍: അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ജില്ല സന്ദർശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവും ലെജിസ്ലേറ്റീവ് കൗൺസില്‍ അംഗവുമായ പ്രദ്‌ന്യ സാതവിന്‍റെ മുഖത്തടിച്ചയാൾ പിടിയിലായിരുന്നു. മഹാരാഷ്‌ട്രയിലെ ഹിങ്കോലിയില്‍ ഗ്രാമവാസികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംവദിക്കാനെത്തിയപ്പോഴാണ് പ്രദ്‌ന്യ സാതവിനെ നാല്‍പതുകാരൻ മുഖത്തടിച്ചത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ജില്ല പര്യടനത്തിന്‍റെ ഭാഗമായുള്ള യാത്രയ്‌ക്കിടയിലായിരുന്നു പ്രദ്‌ന്യ സാതവിനെതിരെ ആക്രമണമുണ്ടാവുന്നത്. പര്യടനത്തിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ പ്രദ്‌ന്യ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നേരിട്ടെത്തി പ്രദേശവാസികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംവദിച്ചിരുന്നു. സംഭവ ദിവസം രാത്രി തന്നെ കലംനൂരിയിലെ കസേബ ദവണ്ടിലെത്തിയപ്പോള്‍ ഗ്രാമവാസികളില്‍ ചിലരെത്തെ പ്രദ്‌ന്യ സഞ്ചരിച്ച കാര്‍ തടഞ്ഞിരുന്നു.
ഇവരോട് സംസാരിക്കാനായി കാറില്‍ നിന്നിറങ്ങിയ പ്രദ്‌ന്യയെ പിന്നിലൂടെ എത്തിയ ആള്‍ തനിക്ക് അഭിമുഖമായി പിടിച്ചു നിര്‍ത്തിയ ശേഷം കരണത്തടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദ്‌ന്യ കലംനൂരി പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയും ചെയ്‌തിരുന്നു.
തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രദ്‌ന്യ ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. കസ്‌ബെ ധവണ്ടയിലെ കലംനൂരി ഗ്രാമത്തിൽ വച്ച് താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു അജ്ഞാതൻ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഇത് തന്നെ പരിക്കേല്‍പിക്കാനുള്ള ഗൂഢശ്രമമാണെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പ്രദ്‌ന്യ സാതവ് എക്‌സില്‍ കുറിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാജീവ് സാതവിന്‍റെ ഭാര്യയാണ് മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ഉപാധ്യക്ഷ കൂടിയായ പ്രദ്‌ന്യ സാതവ്.