കേരളം

kerala

ETV Bharat / bharat

പ്രശാന്ത് കിഷോറിന്‍റെ പദയാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത് ബിജെപിയെന്ന് ജെഡിയു ; നിതീഷ്‌ കുമാറിന്‍റെ ബി ടീമെന്ന് തിരിച്ചടി - ലലന്‍ സിങ്

ഗാന്ധി ജയന്തി ദിനത്തിലാണ് പ്രശാന്ത് കിഷോർ ജന്‍ സൂരജ് യാത്ര ആരംഭിച്ചത്. ബിഹാറിലുടനീളമുള്ള പദയാത്ര ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിക്കുക

Etv Bharat
Etv Bharat

By

Published : Oct 3, 2022, 10:42 PM IST

പട്‌ന : തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ പദയാത്രക്കെതിരെ ആരോപണങ്ങളുമായി ജെഡിയു. ബിഹാറിലെ ചമ്പാരനില്‍ നിന്ന് ആരംഭിച്ച പദയാത്രയുടെ ചെലവ് വഹിക്കുന്നത് ബിജെപിയാണെന്ന് ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ജെഡിയുവിന്‍റെ ആരോപണം.

ജന്‍ സൂരജ് യാത്രയുടെ ഫുള്‍ പേജ് പരസ്യം പത്രങ്ങളില്‍ വരികയാണ്. ഇതിനുള്ള പണം എവിടെ നിന്നാണ് വരുന്നത്?. എവിടെയാണ് സിബിഐയും ഇഡിയുമെല്ലാം?. ഈ പണത്തിന്‍റെ പ്രഭവ കേന്ദ്രം സിബിഐയേയും ഇഡിയേയും നിയന്ത്രിക്കുന്നവരാണെന്ന് ബിജെപിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ലലന്‍ സിങ് ആരോപിച്ചു.

ബിഹാറില്‍ ഉടനീളം 3,500 കിലോമീറ്റര്‍ ദൂരമാണ് ജന്‍ സൂരജ് എന്ന് പേരിട്ടിരിക്കുന്ന പദയാത്ര താണ്ടുക. ഒന്നര വര്‍ഷം എടുത്താണ് പദയാത്ര പൂര്‍ത്തിയാക്കുക. ഗാന്ധി ജയന്തി ദിനത്തില്‍ ചമ്പാരനിലെ ഭിതിഹർവ ഗാന്ധി ആശ്രമത്തില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്.

രാഷ്‌ട്രീയ വ്യാപാരിയാണ് പ്രശാന്ത് കിഷോര്‍ എന്നും ലലന്‍ സിങ് ആരോപിച്ചു. നിതീഷ്‌ കുമാറിന്‍റ നേതൃത്വത്തില്‍ ബിഹാറില്‍ നടന്ന വികസനത്തെ കുറിച്ച് കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം. ബിഹാറിലെ വികസനത്തിന് പ്രശാന്ത് കിഷോറിന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രശാന്ത് കിഷോര്‍ നിതീഷ്‌ കുമാറിന്‍റെ ബി ടീമാണെന്നാണ് ബിജെപിയുടെ ആരോപണം. പ്രാശാന്ത് കിഷോറിന് നിതീഷ്‌ കുമാറിന്‍റെ മൗനാനുവാദമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പ്രശാന്ത് കിഷോര്‍ അവസാനം ജെഡിയുവില്‍ ചേരുകയോ അല്ലെങ്കില്‍ ആ പാര്‍ട്ടിയുമായി സഹകരിക്കുകയോ ചെയ്യുമെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് ആരോപിച്ചു.

യാത്ര പുതിയ രാഷ്‌ട്രീയ സംവാദത്തിനായി :ബിഹാറിലെ എല്ലാ പഞ്ചായത്തിലും ബ്ലോക്കിലും പദയാത്ര എത്തുമെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. ബിഹാറിലെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലും നിരക്ഷരതയിലും കൂപ്പുകുത്തിയിരിക്കുകയാണ്. തൊഴിലില്ലായ്‌മയും അഴിമതിയും ബിഹാറില്‍ കൊടികുത്തി വാഴുകയാണ്.

വളര്‍ന്നുവരുന്ന തലമുറയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ബിഹാറിന്‍റെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനും സദ്ഭരണം അനിവാര്യമാണ്. ജന്‍ സൂരജ് യാത്രയിലൂടെ സദ്ഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ആഗ്രഹിക്കുന്നത്. ചര്‍ച്ചയുടെ അവസാനത്തില്‍ ഭരണം എങ്ങനെ നിര്‍വഹിക്കപ്പെടണം എന്നത് സംബന്ധിച്ച് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കൂടുതല്‍ പേരെ രാഷ്‌ട്രീയത്തില്‍ കൊണ്ടുവരിക ലക്ഷ്യം : താഴെത്തട്ടില്‍ നിന്ന് കൂടുതല്‍ പേരെ രാഷ്‌ട്രീയത്തില്‍ കൊണ്ടുവരികയെന്നതും താഴെത്തട്ടിലുള്ള വികസന ആവശ്യങ്ങള്‍ മനസിലാക്കി അതിന് അനുസൃതമായ ഒരു വികസനതന്ത്രം രൂപീകരിക്കുന്നതും പദയാത്രയുടെ ലക്ഷ്യമാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സമൂഹ്യനീതി ഉള്‍പ്പടെ പത്തോളം വിഷയങ്ങളില്‍ വിദഗ്‌ധരുടെ അഭിപ്രായം തേടി അടുത്ത പതിനഞ്ച് വര്‍ഷത്തേക്കുള്ള വീക്ഷണ കുറിപ്പ് തയ്യാറാക്കാനും പദയാത്രയിലൂടെ ലക്ഷ്യമിടുന്നു. ഇന്ന് (സെപ്‌റ്റംബർ 3) പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ഗൗനാഹ ബ്ലോക്കില്‍ പത്ത് കിലോമീറ്റര്‍ ദൂരമാണ് പ്രശാന്ത് കിഷോര്‍ യാത്ര ചെയ്‌തത്. പതിനഞ്ച് പഞ്ചായത്തുകളിലൂടെ പദയാത്ര കടന്നുപോയി.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് പ്രശാന്ത് കിഷോര്‍ ദേശീയ ശ്രദ്ധ നേടുന്നത്. പിന്നീട് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെഡിയുവില്‍ ചേര്‍ന്നെങ്കിലും അധിക കാലം നീണ്ടുനിന്നില്ല. ഇതിന് ശേഷം എന്‍ഡിഎ ഇതര പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

കോണ്‍ഗ്രസില്‍ ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ജന്‍ സൂരജ് പാര്‍ട്ടിയായി മാറുമോ എന്നുള്ള ചോദ്യത്തിന് പ്രശാന്ത് കിഷോര്‍ നല്‍കിയ ഉത്തരം യാത്രയ്‌ക്കൊടുവില്‍ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനം എടുക്കുമെന്നാണ്.

ABOUT THE AUTHOR

...view details