ജയറാമിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അബ്രഹാം ഒസ്‌ലർ' (Abraham Ozler). മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ജനുവരി മൂന്നിന് വൈകിട്ട് 7.30ന് റിലീസ് ചെയ്യും. തെലുഗു സൂപ്പര്‍താരം മഹേഷ് ബാബു ആകും 'അബ്രഹാം ഒസ്‌ലർ' ട്രെയിലര്‍ റിലീസ് ചെയ്യുക (Abraham Ozler Trailer Release).
സിനിമയുടെ റിലീസിന് ഒരാഴ്‌ച അവശേഷിക്കുമ്പോഴാണ് നിര്‍മാതാക്കള്‍ ട്രെയിലര്‍ പുറത്തുവിടുന്നത് എന്നത് ശ്രദ്ധേയമാണ്. 2024 ജനുവരി 11-നാണ് 'അബ്രഹാം ഒസ്‌ലർ' തിയേറ്ററുകളില്‍ എത്തുക (Abraham Ozler Release).
ഏറെ ദുരൂഹതകളും, സസ്‌പെൻസും ട്വിസ്‌റ്റും നിറഞ്ഞ ഒരു മെഡിക്കൽ ത്രില്ലറാണ് 'അബ്രഹാം ഒസ്‌ലർ'. അപ്രതീഷിതമായ കഥാപാത്രങ്ങളുടെ കടന്നു വരവും, വഴിത്തിരിവുകളും സിനിമയുടെ പ്രത്യേകതയാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. 'അബ്രഹാം ഒസ്‌ലറി'ലൂടെ ശക്തമായ മടങ്ങിവരവിനൊരുങ്ങുകയാണ് ജയറാം. സിനിമ മികച്ച വേഷത്തിലാണ് ജയറാം എത്തുന്നത്. ജയറാമിന്‍റെ കരിയറിലെ അവിസ്‌മരണീയ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:'നിങ്ങൾ അന്വേഷിക്കുന്ന സത്യം നിങ്ങളെ അന്വേഷിക്കുകയാണ്': വീണ്ടും ത്രില്ലറുമായി മിഥുന്‍ മാനുവല്‍ തോമസ്, നായകൻ ജയറാം
ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് 'അബ്രഹാം ഒസ്‌ലറു'ടെ പ്രമേയം. മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഇത്തരമൊരു ക്രൈം ത്രില്ലറില്‍ ജയറാം ഇതാദ്യമായാണ് അഭിനയിക്കുന്നത്. ജയറാമിനെ കൂടാതെ ജഗദീഷ്, അർജുൻ അശോകൻ, സൈജുക്കുറുപ്പ്, അനശ്വര രാജൻ, ദിലീഷ് പോത്തൻ, സെന്തിൽ കൃഷ്‌ണ, അർജുൻ നന്ദകുമാർ, ദർശന നായർ, അസീം ജമാൽ, ആര്യാസലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഡോ രൺധീർ കൃഷ്‌ണന്‍റേതാണ് തിരക്കഥ. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മിഥുൻ മുകുന്ദ് ആണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കലാസംവിധാനം - ഗോകുൽദാസ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - രജീഷ് വേലായുധൻ, റോബിൻ വർഗീസ്, ക്രിയേറ്റീവ് ഡയറക്‌ടർ - പ്രിൻസ് ജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ 'അഞ്ചാം പാതിര' എന്ന ക്രൈം ത്രില്ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'അബ്രഹാം ഒസ്‌ലർ'. ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച രണ്ട് ചിത്രങ്ങളാണ് സുരേഷ് ഗോപി - ബിജു മേനോന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 'ഗരുഡനും', അജു വര്‍ഗീസിന്‍റെ 'ഫീനിക്‌സും'. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ 'അബ്രഹാം ഒസ്‌ലറി'ലുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.
Also Read:മിഥുന്‍ മാനുവല്‍- ജയറാം കൂട്ടുകെട്ടില്‍ ക്രൈം ത്രില്ലര്‍; 'അബ്രഹാം ഓസ്‌ലര്‍' റിലീസ് പ്രഖ്യാപിച്ചു