ന്യൂഡല്‍ഹി :പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയെ പരിഹസിച്ച് പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്‌തര്‍. ഒരു കൈയില്‍ വൈനും മറുകൈയില്‍ പന്നിയിറച്ചിയുമായി ജിന്ന ലാ ഇലാഹ ഇല്ലള്ള( അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല) എന്ന് പറയുമായിരുന്നു. ഇസ്ലാമിനെക്കുറിച്ച് മറ്റൊന്നും ജിന്നയ്‌ക്ക് അറിയില്ലായിരുന്നുവെന്നും ജാവേദ് അക്‌തര്‍ പറഞ്ഞു.
രാജീവ് ഭാര്‍ഗവയുടെ 'Between Hope and Despair:100 Ethical reflections on Contemporary India' എന്ന പുസ്‌തകത്തിന്‍റെ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജാവേദ് അക്‌തര്‍. മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്‌ട്ര വാദത്തെ ജാവേദ് അക്‌തര്‍ രൂക്ഷമായി വിമര്‍ശിച്ചു.
കഴിഞ്ഞ നൂറ് വര്‍ഷത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതനിരപേക്ഷതയ്‌ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. വിരോധാഭാസമെന്ന് പറയട്ടെ ജമിയത്ത് ഉലമ ഇ ഹിന്ദ് അടക്കമുള്ള മത സംഘടനകള്‍ ഇന്ത്യയുടെ വിഭജനത്തിന് എതിരായിരുന്നുവെന്നും ജാവേദ് അക്‌തര്‍ പറഞ്ഞു.
ഇന്ത്യ വിഭജിക്കാന്‍ ജിന്ന ബ്രിട്ടീഷ് അധികാരികളുമായി ഗൂഢാലോചന നടത്തി. മതത്തിന്‍റെ പേരില്‍ ജിഹാദും കുരിശുയുദ്ധങ്ങളും അടക്കം പല അധിനിവേശങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ അധിനിവേശങ്ങള്‍ മതം എന്ന വികാരത്തിന്‍റെ പേരില്‍ മാത്രം നടത്തപ്പെട്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. രാജ്യാധികാരം വ്യപിപ്പിക്കുക എന്നുള്ള ലക്ഷ്യവും അവയ്‌ക്ക് പിന്നിലുണ്ടായിരുന്നു. മതവും മതനിരപേക്ഷതയും രണ്ട് വ്യത്യസ്‌ത കാര്യങ്ങളാണ്. മതങ്ങള്‍ ചില മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്നുണ്ടെന്നും ജാവേദ് അക്‌തര്‍ പറഞ്ഞു.
നേരത്തെ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഫായിസ് ഫെസ്‌റ്റിവലില്‍ പങ്കെടുത്ത് ജാവേദ് അക്‌തര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് ജാവേദ് അക്‌തര്‍ തുറന്നടിച്ചത്. ഹിജാബ് ധരിക്കുന്നതിനെതിരെയും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.