മുംബൈ: മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച 'ബുള്ളി ഭായി' ആപ്പിനെതിരെ പ്രതികരിച്ചതിന് തന്നെ ട്രോളുചെയ്‌തവര്‍ക്ക് മറുപടി നല്‍കി പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്‌തര്‍. ജാവേദ് അക്‌തറിന്‍റെ മുതുമുത്തച്ഛനും സ്വാതന്ത്ര്യ സമരസേനാനിയുമായ ഫസല്‍ ഇ ഹഖ് കഹയിര്‍ബാധിയെ ട്രോളന്‍മാര്‍ അപമാനിച്ചിരുന്നു. ഈ 'വിവരംകെട്ട'വരോട് എന്ത് പറയാനാണ് എന്നാണ് ജാവേദ് അക്‌തറുടെ പ്രതികരണം.
മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് അവരുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇവ പ്രദര്‍ശിപ്പിച്ച് അവരെ ഓണ്‍ലൈനായി ലേലം വിളിക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്ന ആപ്പാണ് ബുള്ളി ഭായി ആപ്പ് .ബുള്ളി ഭായി ആപ്പുമായി ബന്ധപ്പെട്ട് 21കാരനായ എന്‍ജിനിയറിംങ് വിദ്യാര്‍ഥിയെ മുംബൈ പൊലീസ് ബംഗളൂരുവില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
"നൂറുകണക്കിന് സ്ത്രീകളെ ഓണ്‍ലൈനായി ലേലം വിളിക്കുന്നു. ധര്‍മ്മ സന്‍സദ് എന്ന് വിളിക്കപ്പെടുന്ന ആത്‌മീയ സമ്മേളനങ്ങളില്‍ 20 കോടി വരുന്ന ഇന്ത്യക്കാരെ വംശഹത്യ നടത്താന്‍ പൊലീസിനോടും സൈന്യത്തോടും ആഹ്വാനം ചെയ്യുന്നു. എന്നിട്ടും ഇതില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ആളുകള്‍ മൗനം പാലിക്കുന്നു.ഇത് എന്നെ ലജ്ജിപ്പിക്കുന്നു", ജാവേദ് അക്‌ത്തര്‍ ട്വീറ്റ് ചെയ്‌തു. ഈ ട്വീറ്റിനെ തുടര്‍ന്നാണ് ഒരു സംഘമാളുകള്‍ ജാവേദ് അക്‌തറിനെതിരെ ട്രോളുമായി രംഗത്തുവന്നത്.
ALSO READ:മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായി'യില്‍ : എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ
"സ്ത്രീകളെ ഓണ്‍ലൈനായി ലേലം വിളിക്കുന്നതിനെതിരെ ,ഗാന്ധിജിയുടെ ഘാതകനെ മഹത്വവത്‌കരിക്കുന്നതിനെതിരെ,പട്ടാളത്തോടും പൊലീസിനോടും വംശഹത്യ നടത്താന്‍ ആവശ്യപ്പെചുന്നതിനെതിരെ ഞാന്‍ ശബ്‌ദമുയര്‍ത്തിയപ്പോള്‍ ചില മത ഭ്രാന്തന്‍മാര്‍ എന്‍റെ സ്വാതന്ത്ര്യ സമര സേനാനിയായ എന്‍റെ മുതുമുത്തച്ഛനെ അപമാനിക്കാന്‍ തുടങ്ങി . ഈ വിവരം കെട്ടവരോട് ഞാന്‍ എന്ത് പറയാനാണ്", ട്രോളന്‍മാര്‍ക്ക് മറുപടിയായി ജാവേദ് അക്‌ത്തര്‍ ട്വീറ്റ് ചെയ്‌തു.