കേരളം

kerala

ETV Bharat / bharat

Jana Sena Party Alliance With TDP: പവൻ കല്യാണും ചന്ദ്രബാബു നായിഡുവും ഒന്നിക്കും; ഇനി ടിഡിപി- ജനസേന സഖ്യം - chandrababu naidu pavan kalyan

Pawan kalyan Jana Sena TDP Alliance: ആന്ധ്ര സിഐഡി ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്‌തതില്‍ രൂക്ഷ വിമര്‍ശനവുമായി പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ആന്ധ്രയില്‍ ടിഡിപി - ജനസേന സഖ്യം വ്യക്തമാക്കി പവന്‍ കല്യാണ്‍ രംഗത്തെത്തിയത്.

JanaSena Party  Jana Sena chief confirms alliance  Jana Sena chief confirms alliance with TDP  Pawan kalyan jana sena tdp alliance
Jana Sena Party Alliance With TDP

By ETV Bharat Kerala Team

Published : Sep 14, 2023, 2:00 PM IST

Updated : Sep 14, 2023, 4:36 PM IST

അമരാവതി:ആന്ധ്രാപ്രദേശില്‍ വൻ രാഷ്ട്രീയ നീക്കത്തിന് (Political twist in Andhra pradesh) തുടക്കമിടാനൊരുങ്ങി സിനിമ താരവും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ (Jana sena leader Pawan kalyan). എൻ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുഗു ദേശം പാർട്ടിയുമായി (TDP) സഖ്യം പ്രഖ്യാപിച്ച് ജനസേന (Jana Sena Party) നേതാവായ പവൻ കല്യാൺ. അഴിമതി കേസില്‍ ആന്ധ്ര സിഐഡി ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്‌തതില്‍ രൂക്ഷ വിമര്‍ശനവുമായി പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. അതിനു ശേഷം ചന്ദ്രബാബു നായിഡുവിനെ ജയിലിലെത്തി കണ്ട ശേഷമാണ് പവന്‍ കല്യാണ്‍ ആന്ധ്രയില്‍ ടിഡിപി - ജനസേന സഖ്യം പ്രഖ്യാപിച്ചത്.

2014 മാർച്ചില്‍ രൂപീകരിച്ച ജനസേന പാർട്ടിക്ക് ആന്ധ്രാപ്രദേശിനൊപ്പം തെലങ്കാനയിലും സ്വാധീനമുണ്ട്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും അധികാരത്തിലെത്താനും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റത്തിനും ശ്രമിക്കുന്ന ചന്ദ്രബാബു നായിഡുവിന് പവൻ കല്യാണുമായുള്ള സഖ്യം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നിലവില്‍ ആന്ധ്ര നിയമസഭയില്‍ ഒരംഗം മാത്രമാണ് പവൻ കല്യാണിന്‍റെ ജനസേന പാർട്ടിക്കുള്ളത്. തെലങ്കാനയില്‍ എംഎല്‍എമാരില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നും പവൻ കല്യാണിന് എംപിമാരുമില്ല.

രാജമഹേന്ദ്രവരം ജയിലിൽ കൂടിക്കാഴ്‌ച, പിന്നാലെ പ്രഖ്യാപനം:അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിനെ രാജമഹേന്ദ്രവരം സെൻട്രൽ ജയിലിലെത്തിയാണ് പവൻ കല്യാൺ കണ്ടത്. ഇതിന് ശേഷമാണ് ടിഡിപിയുമായുള്ള സഖ്യം സംബന്ധിച്ച് പവന്‍ സ്ഥിരീകരിച്ചത്. വരുന്ന തെരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിടാൻ ജനസേന പാർട്ടി - ടിഡിപി സഖ്യം തയ്യാറാണെന്നും ജനസേന നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

2019ല്‍ നടന്ന ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 23 സീറ്റാണ് ടിഡിപി നേടിയത്. 151 സീറ്റാണ് ഭരിക്കുന്ന വൈഎസ്‌ആര്‍സിപിയ്‌ക്കുള്ളത്. ഇതേ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് ടിഡിപി കാഴ്‌ചവച്ചത്. ആകെയുള്ള 25 ലോക്‌സഭ സീറ്റില്‍ 22 എണ്ണവും വൈഎസ്‌ആര്‍സിപി നേടിയപ്പോള്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ടിഡിപിയ്‌ക്ക് നേടാനായത്.

നായിഡുവിന്‍റെ അറസ്റ്റ് സ്‌കില്‍ ഡെവലപ്പ്മെന്‍റ് അഴിമതി കേസില്‍:ശനിയാഴ്‌ച (ഒന്‍പത് സെപ്‌റ്റംബര്‍) പുലര്‍ച്ചെയാണ് എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. 2021ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് പൊലീസ് നടപടി. ആന്ധ്രാപ്രദേശ് സ്‌കില്‍ ഡെവലപ്പ്മെന്‍റ് അഴിമതി കേസില്‍ ചന്ദ്രബാബുവിന് നേരത്തെ അറസ്റ്റ് വാറണ്ട് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് നിലവില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നുമാണ് സംഭവത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് മുന്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണ സംഘത്തിന്‍റെ നടപടി. നന്ദ്യാല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്നാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണ സംഘം അറസറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആര്‍കെ ഹാളിന് പുറത്ത് തന്‍റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു ചന്ദ്രബാബു നായിഡു. അതേസമയം, ടിഡിപി അധ്യക്ഷന്‍റെ അറസ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ വാഹനത്തിന് പുറത്ത് തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു. കേസില്‍ നേരത്തെ, പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ചന്ദ്രബാബു നായിഡുവിന്‍റെ പേരില്ലെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ തങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നെന്നാണ് പൊലീസ് വാദം.

Last Updated : Sep 14, 2023, 4:36 PM IST

ABOUT THE AUTHOR

...view details