ന്യൂഡൽഹി: ജനുവരി 26 ലെ ട്രാക്ടർ റാലിയിൽ അക്രമം നടത്തിയെന്ന കേസിൽ പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിന്‍റെ ജാമ്യാപേക്ഷ ഏപ്രിൽ 8ന് ഡൽഹി കോടതി പരിഗണിക്കും. ഇന്നലെ ടിസ് ഹസാരി കോടതിക്ക് മുൻപാകെ ജാമ്യാപേക്ഷ എത്തിയെങ്കിലും അധികാര പരിധി ചൂണ്ടിക്കാട്ടി കേസ് മാറ്റി വയ്ക്കുകയായിരുന്നു.
ചെങ്കോട്ട സംഘര്‍ഷം: ദീപ് സിദ്ദുവിന്‍റെ ജാമ്യാപേക്ഷ ഏപ്രിൽ 8ന് പരിഗണിക്കും - ലക്ക സദാന
ജനുവരി 26 ലെ ട്രാക്ടർ റാലിയിൽ അക്രമം നടത്താൻ നേതൃത്വം നൽകിയെന്നാണ് കേസ്
റിപ്പബ്ലിക് ദിവസം ചെങ്കോട്ടയ്ക്ക് സമീപം ആക്രമണത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് ഫെബ്രുവരി 9നാണ് പൊലീസ് സിദ്ദുവിനെ അറസ്റ്റ് ചെയ്യുന്നത്. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പഞ്ചാബി നടൻ ദീപ് സിദ്ദു, ഗുണ്ടാസംഘത്തലവൻ ലക്ക സദാന എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുതായി നടപ്പാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതലാണ് ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കാൻ തുടങ്ങിയത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച വഴി പിന്തുടരാതെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ബാരിക്കേഡുകൾ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് ആരോപിച്ചിരുന്നു. പ്രതിഷേധക്കാർ ചെങ്കോട്ടയിൽ പതാക ഉയർത്തിയിരുന്നു.