ചണ്ഡിഗഡ്: ജമ്മു വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പഞ്ചാബിലെ അതിർത്തി ജില്ലയായ പത്താൻകോട്ടിൽ അതീവ ജാഗ്രത മുന്നറിയിപ്പ് നൽകി. പത്താൻകോട്ടിലെ പ്രധാന ഇൻസ്റ്റാളേഷനുകൾക്ക് സമീപം കർശന ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അഞ്ച് വർഷം മുമ്പും ഇത്തരത്തിൽ പത്താൻകോട്ട് വ്യോമസേന താവളത്തിൽ ഭീകരാക്രമണം നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നത്.
കർശന സുരക്ഷ ഏർപ്പെടുത്തി
ആക്രമണഭീഷണി അധികമായുള്ള പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രദേശത്ത് കൂടുതൽ സുരക്ഷാനടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആക്രമണഭീഷണി ഉള്ളതിനാൽ അയൽപ്രദേശങ്ങളിൽ അലർട്ട് മുഴക്കുകയാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ലാംബ വ്യക്തമാക്കി.
അതിർത്തിയിൽ സേനാവിന്യാസം വർധിപ്പിച്ചു
അന്തർ-സംസ്ഥാന അതിർത്തി നീക്കങ്ങളെ ശക്തമായി പരിശോധിച്ചുവരുന്നുവെന്ന് പറഞ്ഞ ലാംബ അധിക സേനയെ അതിർത്തികളിൽ വിന്യസിച്ചിട്ടുള്ളതായും അറിയിച്ചു.
പഞ്ചാബ് പൊലീസിന്‍റെ "സ്വാറ്റ്" ടീമുകളെയും പ്രത്യേക കമാൻഡോകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ അതിർത്തികളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധനയും നടത്തിവരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.
ഇരട്ട പ്രഹരം
ഞായറാഴ്‌ച ജമ്മുവിലെ വ്യോമസേന താവളത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നത്. സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രണ്ട് പേർക്ക് സാരമായ പരിക്കേറ്റു.
Read more:ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം
ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഒന്ന് കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ നാശനഷ്‌ടമുണ്ടാക്കിയതായും മറ്റൊന്ന് തുറസായ സ്ഥലത്ത് പൊട്ടിത്തെറിച്ചതായും കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വൈസ് എയർ ചീഫ് എയർ മാർഷൽ എച്ച്.എസ്. അറോറയുമായി സംസാരിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.