ശ്രീനഗർ: ഞായറാഴ്‌ച (27.03.22) ജമ്മുവിലെ ഏറ്റവും കൂടിയ താപനില 37.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ 76 വർഷത്തെ മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ താപനിലയാണ് ഞായറാഴ്‌ച രേഖപ്പെടുത്തിയത്. 1945 മാർച്ച് 31നാണ് ഇതിനുമുൻപ് മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 37.2 ആണ് 1945 മാർച്ച് 31ന് രേഖപ്പെടുത്തിയ കൂടിയ താപനില.
ന്യൂനമർദ്ദ സംവിധാനമോ പ്രാദേശികവൽക്കരിച്ച കാലാവസ്ഥയോ ഇല്ലാത്തതിനാൽ കഴിഞ്ഞ നാല് ദിവസമായി ജമ്മു കശ്‌മീരിൽ ശാന്തവും തെളിഞ്ഞതുമായ കാലാവസ്ഥയാണെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്‌ടർ സോനം ലോട്ടസ് പറഞ്ഞു. അടുത്ത കുറച്ചുദിവസങ്ങളിൽ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണ പ്രദേശത്തിന്‍റെ ശൈത്യകാല തലസ്ഥാനമായ ജമ്മുവിൽ ഉയർന്ന താപനില ഈ സീസണിൽ സാധാരണയേക്കാൾ 8.4 ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. എന്നാൽ രാത്രിയിലെ താപനില 16.9 ഡിഗ്രി സെൽഷ്യസായിരുന്നു.