ന്യൂഡല്‍ഹി: 2019മെയ് 30നാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്. 51 മന്ത്രിമാരുമായി അധികാരമേറ്റ മോദി സർക്കാരില്‍ അമിത് ഷായാണ് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ബിജെപിയുടെ പ്രകടന പത്രികയില്‍ ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കും എന്നത് വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ രണ്ടാം മോദി സർക്കാർ അധികാരമേറ്റ് മൂന്ന് മാസത്തില്‍ അത് നടപ്പാക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചില്ല.
ബിജെപി സർക്കാർ അധികാരമേറ്റ് മൂന്ന് മാസത്തിന് ശേഷം 2019 ഓഗസ്റ്റ് അഞ്ചിന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ കാബിനറ്റ് യോഗം കഴിഞ്ഞ് പാർലമെന്റിലെത്തിയ അമിത് ഷായുടെ പ്രഖ്യാപനം വന്നതോടെ പ്രതിപക്ഷ പാർട്ടികൾ ഞെട്ടി. ഏത് പക്ഷത്ത് നില്‍ക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് ആശയക്കുഴപ്പമായി. നാല് വർഷങ്ങൾക്കിപ്പുറം 2023 ഡിസംബർ 11 ന് നിർണായക വിധിയിലൂടെ സുപ്രീംകോടതി അത് ശരിവെച്ചു.
രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി അംഗീകരിച്ചു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370–ാം വകുപ്പ് താൽകാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയാണെന്നും കോടതി വ്യക്തമാക്കി.
കശ്‌മീരിനെ രണ്ടാക്കിയ തീരുമാനം:ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടന ബില്ലും രാജ്യസഭ ഓഗസ്റ്റ് 5ന് പാസാക്കി. പിന്നാലെ ലോക്സഭയിലും ബിൽ പാസായി.
370-ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്കുള്ള പ്രത്യേക ആനുകൂല്യം സംബന്ധിച്ച 35എ വകുപ്പും ഇല്ലാതായി. പ്രത്യേക പദവി ഇല്ലാതായതോടെ, ജമ്മു കശ്മീരിന്റെ ഭരണഘടന പ്രാബല്യത്തിലല്ലാതായി. സംസ്ഥാനത്ത് പ്രാബല്യത്തിലായിരുന്ന ‘രൺബീർ ശിക്ഷ നിയമ’ത്തിനു (ആർപിസി) പകരം ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) നടപ്പായി.
ജമ്മു കശ്മീർ സംസ്ഥാനത്തെ കാർഗിൽ, ലേ ജില്ലകൾ ഉൾപ്പെടുന്നതാണു ലഡാക്ക്. ഇതു ചണ്ഡിഗഡ്, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കു സമാനമായ കേന്ദ്ര ഭരണപ്രദേശമായി. നിയമസഭയില്ല. ജമ്മു കശ്മീരിൽ പുതുച്ചേരി മാതൃകയിൽ നിയമസഭ. കാലാവധി 6 വർഷത്തിനു പകരം 5 വർഷമായി. ജമ്മു കശ്മീരിലും ലഡാക്കിലും ഗവർണർക്കു പകരം ലഫ്റ്റനന്റ് ഗവർണർമാർ. ഇരു കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി ഒരു ഹൈക്കോടതി.
ഇന്നും ഞെട്ടല്‍ മാറാതെ പ്രതിപക്ഷം: 2019 ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയില്‍ ബില്‍ പാസാകുമ്പോ പ്രതിപക്ഷം കാഴ്‌ചക്കാർ മാത്രമായിരുന്നു. പാർലമെന്റിൽ ബിജെപിക്കുള്ള വൻ ഭൂരിപക്ഷവും പ്രതിപക്ഷത്തിന്റെ ദൗർബല്യവും ബില്‍ പാസാക്കുന്നതില്‍ നിർണായകമായി. ബിജെപി സർക്കാരിനെ നഖശിഖാന്തം എതിർത്ത പല കക്ഷികളും കശ്മീർ വിഷയത്തിൽ കളം മാറ്റിച്ചവുട്ടി.
പാർലമെന്ററി സ്ഥിരം സമിതികളുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിശോധനയില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമായിരിക്കെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിക്കാനുള്ള പ്രമേയവും സംസ്ഥാന പുനഃസംഘടന ബില്ലും സർക്കാർ രാജ്യസഭയിൽ കൊണ്ടുവന്നത്. ബില്‍ ചരിത്രപരമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചപ്പോൾ, ജനാധിപത്യധ്വംസനമെന്ന പ്രതികരണത്തിലൊതുങ്ങി പ്രതിപക്ഷം.