പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. സൈനികർ ട്രക്കിൽ സഞ്ചരിക്കുമ്പോൾ പൂഞ്ച് ജില്ലയിലെ ഭീംബർ ഗലി മേഖലയിൽ വച്ച് തീവ്രവാദികൾ വാഹനത്തിന് നേരെ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അതേസമയം സഞ്ചരിച്ചിരുന്ന സൈനിക ട്രക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍.
സംഭവം ഇങ്ങനെ:വ്യാഴാഴ്‌ച ഉച്ചക്ക് മൂന്ന് മണിയോടെ രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിലൂടെ നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് നേരെ അജ്ഞാത ഭീകരരര്‍ വെടിയുതിർത്തു. പ്രദേശത്തെ കനത്ത മഴയും ദൂരക്കാഴ്ചയിലുള്ള തടസവും മുതലെടുത്തായിരുന്നു ആക്രമണം. ഭീകരരുടെ ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്ന് സേനയുടെ വടക്കന്‍ കമാന്‍ഡ് പ്രസ്‌താവനയില്‍ അറിയിച്ചു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരുന്ന രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ നിർഭാഗ്യവശാൽ ജീവൻ നഷ്‌ടപ്പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടൻ തന്നെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ് നുഴഞ്ഞുകയറ്റം:ഈ മാസത്തിന്‍റെ തുടക്കത്തില്‍ നിയന്ത്രണരേഖയുമായി അടുത്തുള്ള പൂഞ്ച് സെക്‌ടറില്‍ വലിയൊരു നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. നിയന്ത്രണ രേഖ (എല്‍ഒസി) മറികടക്കാന്‍ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടുകയും ചെയ്‌തിരുന്നു. ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 2.15 ഓടെ പൂഞ്ച് ജില്ലയിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലുണ്ടായ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമമാണ് സേന പരാജയപ്പെടുത്തിയത്. സംഭവത്തില്‍ നുഴഞ്ഞുകയറ്റക്കാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേരെ പിടികൂടുകയും ചെയ്‌തതായി സൈനിക വക്താവ് അറിയിച്ചിരുന്നു.