ശ്രീനഗർ:രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങള്‍ തടയാനുംതീവ്രവാദത്തെ ചെറുക്കാനും വേണ്ടിയാണ് രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയല്‍ നിയമം (Unlawful Activities (Prevention) Act) കൊണ്ടുവന്നത്. ഇത്തരത്തില്‍ യുഎപിഎ രജിസ്റ്റര്‍ ചെയ്‌തതില്‍ രാജ്യത്തെ അമ്പരപ്പിക്കുന്ന കണക്കാണ് ജമ്മുകശ്‌മീരില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍, രാജ്യത്ത് ആകെയുള്ള കേസുകളില്‍ 97 ശതമാനവും ജമ്മു കശ്‌മീരിലാണ് എന്നതാണ് ഈ വിവരം. 2021ലെ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്‌ത ശരാശരി 20 - 25 കേസുകൾ ജമ്മുകശ്‌മീരിലെ കോടതികളിൽ പ്രതിദിനം കേൾക്കുന്നുണ്ടെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍, ശിക്ഷാനിരക്ക് വളരെ കുറവാണെന്നതാണ് വസ്‌തുത. ജമ്മു കശ്‌മീരില്‍ യുഎപിഎ കേസുകള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മാതൃകയിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു. പുറമെ, അടുത്തിടെ ജില്ലകളിലെ പൊലീസിന്‍റെ കീഴില്‍ പ്രത്യേക അന്വേഷണ യൂണിറ്റുകളും (എസ്‌ഐയു) ആരംഭിച്ചു.
എസ്‌ഐയു ഉണ്ടാക്കിയ പരിഹാരം:കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 യുഎപിഎ കുറ്റകൃത്യങ്ങള്‍ പൊലീസിന് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് ഇടയാക്കിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. മുൻവർഷങ്ങളിലെ കണക്കുകളേക്കാള്‍ നേരിയ വര്‍ധനവാണുണ്ടായത്. 'അന്വേഷണം സമയബന്ധിതമായി നടക്കേണ്ടതുണ്ട്. പൊലീസ് സ്റ്റേഷൻ തലത്തിലെ സാധാരണ അന്വേഷണ സംവിധാനമടക്കം ക്രമസമാധാനവും മറ്റ് ചുമതലകളും ഉറപ്പുവരുത്തുന്നതില്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് അനിവാര്യമാണ്. കേസന്വേഷണത്തിന്‍റെ തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും പ്രത്യേക കേസുകളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും. അതിനുള്ള പരിഹാരം കൂടിയായാണ് ഞങ്ങള്‍ എസ്‌ഐയുവിനെ കാണുന്നത്' - പ്രത്യേക അന്വേഷണ യൂണിറ്റുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.