ശ്രീനഗര്‍ : അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കശ്‌മീരില്‍ ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യം. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജമ്മു കശ്‌മീരിലെ അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്‌ചയാണ് പ്രസിദ്ധീകരിച്ചത്.
7.72 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആകെ 83,59,771 വോട്ടര്‍മാരുള്ളതില്‍ 42,91,687 പുരുഷന്മാരും 40,67,900 സ്‌ത്രീകളും 184 ട്രാന്‍സ് ജെന്‍ഡറുകളും ഉള്‍പ്പെടുന്നതായി കശ്‌മീരിലെ ജോയിന്‍റ് ചീഫ് ഇലക്‌ടറൽ ഓഫിസർ അനിൽ സൽഗോത്ര അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം : മണ്ഡലാടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയുടെ അന്തിമ രൂപം വിശകലനം ചെയ്യുകയാണെന്നും നിലവില്‍ മുഴുവന്‍ പ്രക്രിയകളും പൂര്‍ത്തിയായതിനാല്‍ കശ്‌മീരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാഷണൽ കോൺഫറൻസ് (എൻസി) വക്താവ് തൻവീർ സാദിഖ് പറഞ്ഞു.
'ജമ്മു കശ്‌മീരിലെ ജനങ്ങൾ പ്രാതിനിധ്യവും പ്രതികരണശേഷിയുമുള്ള ഒരു സർക്കാരിനെ എത്രകാലം നഷ്‌ടപ്പെടുത്തണം ? അതിനാൽ, ജമ്മു കശ്‌മീരിൽ എത്രയും വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മിഷന്‍ പ്രഖ്യാപിക്കേണ്ട സമയമാണിത്' - തൻവീർ സാദിഖ് പറഞ്ഞു.
പറയുന്നത് പരസ്‌പര വിരുദ്ധമായ കാര്യങ്ങള്‍ :അതേസമയം പുതിയ വോട്ടര്‍മാരില്‍ എത്രപേര്‍ സംസ്ഥാനത്തുള്ളവര്‍ ഉണ്ടെന്നും എത്രപേര്‍ക്ക് സ്ഥിരതാമസക്കാരനാണെന്ന് കാണിക്കുന്ന രേഖകള്‍ ഉണ്ടെന്നും ഉള്ള വിവരങ്ങളില്‍ വ്യക്തത വരണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) വക്താവ് സുഹൈൽ ബുഖാരി പറഞ്ഞു. ജമ്മു കശ്‌മീരിലെ ജനങ്ങളില്‍ നിന്ന് എല്ലാ ജനാധിപത്യ അവകാശങ്ങളും നിലവിലെ ഭരണം തട്ടിയെടുത്തിരിക്കുകയാണെന്നും സുഹൈല്‍ ബുഖാരി പറഞ്ഞു.
'പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകളാണ് അധികാരികളുടെ ഭാഗത്തുനിന്ന് വരുന്നത്. ഒരുവശത്ത് സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്നും മികച്ചതാണെന്നും പറയുന്നു. എന്നാൽ മറുവശത്ത് സ്ഥിതിഗതികൾ മെച്ചപ്പെട്ടുകഴിഞ്ഞാൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും പിന്നീട് സംസ്ഥാന പദവി പുനഃസ്ഥാപിക്കപ്പെടുമെന്നും പറയുന്നു. അതുകൊണ്ട് ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല' - ബുഖാരി പറഞ്ഞു.
വോട്ടര്‍ പട്ടിക വിശകലനം ചെയ്യാന്‍ സമയം വേണം : അതേസമയം നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നതിന് മുമ്പ് അന്തിമ വോട്ടര്‍ പട്ടിക വിശകലനം ചെയ്യാന്‍ തങ്ങള്‍ക്ക് കുറച്ച് സമയം വേണമെന്നാണ് പീപ്പിൾസ് കോൺഫറൻസ് വക്താവ് അദ്‌നാൻ അഷ്‌റഫ് മിർ പ്രതികരിച്ചത്. വോട്ടര്‍ പട്ടികയില്‍ ജമ്മു കശ്‌മീരില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായവരുടെ എണ്ണം മാത്രമാണോ അതോ തദ്ദേശീയരല്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക പ്രതീക്ഷിച്ചതുപോലെ തന്നെ : അന്തിമ വോട്ടര്‍ പട്ടിക പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതെന്ന് അപ്‌നി പാർട്ടി പ്രസിഡന്‍റ് അൽതാഫ് ബുഖാരി പറഞ്ഞു. അന്തിമ വോട്ടര്‍ പട്ടികയില്‍ 25 ലക്ഷം പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും അല്‍താഫ് ബുഖാരി പറഞ്ഞു. 10 ശതമാനത്തിന്‍റെ വര്‍ധനവ് അധികമല്ലെന്നും പുറത്തുനിന്നുള്ള ആരെയും പട്ടികയില്‍ ചേർത്തിട്ടില്ലെന്നത് സംതൃപ്‌തി നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്‌മീരിൽ നിന്നുള്ള 18 വയസ് തികഞ്ഞവരാണ് പുതിയ വോട്ടർമാർ എങ്കിൽ പ്രശ്‌നമില്ലെന്ന് അവാമി നാഷണൽ കോൺഫറൻസ് സീനിയർ വൈസ് പ്രസിഡന്‍റ് മുസാഫർ ഷാ പറഞ്ഞു.