ശ്രീനഗർ:കശ്‌മീരില്‍ സൈന്യം അഞ്ച് വിദേശ തീവ്രവാദികളെ വധിച്ചു. ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. സുരക്ഷ സേന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്.
കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ജുംഗുണ്ട് ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കശ്‌മീർ സോൺ പൊലീസിന്‍റെ ട്വിറ്റർ അക്കൗണ്ടിലാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവന്നത്. അഞ്ച് വിദേശ തീവ്രവാദികളെ വധിച്ചതായും സുരക്ഷ സേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
സൈന്യവും കശ്‌മീർ പൊലീസും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ജൂൺ രണ്ടിന് നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. രജൗരിയിലെ വനമേഖലയില്‍ സംശയാസ്‌പദമായ രീതിയില്‍ തീവ്രവാദ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് സൈന്യം തെരച്ചില്‍ നടത്തുകയും അത് പിന്നീട് തീവ്രവാദികളുമായി ഏറ്റുമുട്ടലായി മാറുകയും ചെയ്‌തത്.
പൂഞ്ചിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു:ഇക്കഴിഞ്ഞ ഏപ്രിലില്‍ പൂഞ്ചില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖ (എല്‍ഒസി) മറികടക്കാന്‍ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരെ സൈന്യം പിടികൂടിയിരുന്നു. പൂഞ്ച് ജില്ലയിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം.
പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപം അതിർത്തി വേലിക്ക് അരികില്‍ ഒരു കൂട്ടം ആളുകളെ സംശയകരമായ സാഹചര്യത്തില്‍ സൈന്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടത്. കൂട്ടത്തിലെ മറ്റു രണ്ടുപേര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇവരെ പരിക്കേറ്റ നിലയില്‍ പിടികൂടുകയായിരുന്നുവെന്ന് ആര്‍മി പിആര്‍ഒ ലഫ്‌റ്റനന്‍റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
ഏറ്റുമുട്ടല്‍ നേരത്തെ പുല്‍വാമയിലും:നേരത്തെ മാര്‍ച്ചില്‍ തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ മിത്രഗാം ഗ്രാമത്തില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. കരസേനയുടെയും സിആർപിഎഫിന്‍റെയും കശ്‌മീർ സോൺ പൊലീസിന്‍റെയും സംയുക്ത സംഘമാണ് പ്രദേശത്ത് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. മിത്രഗാമില്‍ തീവ്രവാദി സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംയുക്ത സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍.
തെരച്ചില്‍ നടക്കുമ്പോള്‍ ഇവിടെ തമ്പടിച്ചിരുന്ന തീവ്രവാദി സംഘം സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി കശ്‌മീര്‍ പൊലീസ് ട്വീറ്റ് ചെയ്യുകയുണ്ടായി. ഫെബ്രുവരി 28 നും പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കശ്‌മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പുല്‍വാമയിലെ അവന്തിപ്പോര മേഖലയിലെ പ്രസ്‌തുത ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയും സൈന്യം വധിച്ചു. ഫെബ്രുവരി 26നാണ് കശ്‌മീരി പണ്ഡിറ്റായ സഞ്ജയ് ശര്‍മയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തുന്നത്. മാര്‍ക്കറ്റിലേക്ക് പോവുന്ന വഴിയായിരുന്നു ശര്‍മയ്‌ക്കുനേരെ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read:നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍