ഉറി: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ഉറിയിലെ ഹത്‌ലംഗ ഫോർവേഡ് ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
ജമ്മു കശ്മീര്‍ പോലീസും ഇന്ത്യൻ സൈന്യവും അടങ്ങുന്ന സംയുക്ത സംഘം പ്രദേശത്ത് സൂക്ഷ്മമായി പരിശോധന നടത്തവെ മറഞ്ഞിരുന്ന തീവ്രവാദികൾ വെടിയുതിര്‍ത്തു. ഉടന്‍ തിരിച്ചടിയാരംഭിച്ച സുരക്ഷാ സേന ശക്തമായ വെടിവയ്പ്പ് നടത്തുകയായിരുന്നു.
"ഒരു തീവ്രവാദികൂടി കൊല്ലപ്പെട്ടു (ആകെ 3). തെരച്ചില്‍ പുരോഗമിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ പിന്നാലെ അറിയിക്കും". എക്‌സിൽ (മുമ്പ് ട്വിറ്റർ) കശ്മീർ സോൺ പൊലീസ് അറിയിച്ചു.
അതേസമയം അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗ് മേഖലയിലെ ഗഡോളില്‍ വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായാണ് തുടർച്ചയായ നാലാം ദിവസവും തെരച്ചില്‍ നടത്തുന്നത്. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. ഭീകരർ ഒളിച്ചിരിക്കുന്നെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
അതിനിടെ വ്യാഴാഴ്ച കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ അനന്ത്നാഗിൽ വീരമൃത്യു വരിച്ച സുരക്ഷാ സേനാ ഉദ്യോഗസ്ഥരുടെ എണ്ണം 4 ആയി.