കത്ര (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ കത്ര പട്ടണത്തിൽ ഭൂചലനം. ബുധനാഴ്‌ച പുലർച്ചെ 2.20 ഓടെയാണ് റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കത്രയുടെ 81 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
നേരത്തെ ജൂണ്‍ 13 ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.33 ഓടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം ഉണ്ടായിരുന്നു. ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് റിക്‌ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ ഭലസ എന്ന വിദൂര ഗ്രാമത്തിനടുത്താണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും അധികൃതർ അറിയിച്ചിരുന്നു.
നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി (എന്‍സിഎസ്) ആണ് ഭൂചലനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. 'ഭൂകമ്പം: 5.4, 13-06-2023, 13:33:42 ഐഎസ്‌ടി (India Standard Time), ലാറ്റ്: 33.15 & ദൈർഘ്യം: 75.82, ആഴം: ആറ് കി.മീ, സ്ഥലം: ഡോഡ, ജമ്മു കശ്‌മീർ, ഇന്ത്യ' -എന്‍സിഎസ് ട്വീറ്റ് ചെയ്‌തു.
അതേസമയം ഭൂചലനത്തിൽ കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടമോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 11ന് അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കമെങ് ജില്ലയിലും ഭൂചലനം ഉണ്ടായിരുന്നു. റിക്‌ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് കേന്ദ്ര ഗവൺമെന്‍റിന്‍റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചിരുന്നു.