ന്യൂഡല്‍ഹി: ജാമിയ മിലിയ സംഘര്‍ഷ കേസില്‍ വിദ്യാര്‍ഥി നേതാവായിരുന്ന ഷര്‍ജീല്‍ ഇമാം അടക്കമുള്ള 11 പേരെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി കോടതി ജഡ്‌ജി, സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി. ഡല്‍ഹി സാകേത് കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി അരുള്‍ വര്‍മ ആണ് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്‌ജിയുടെ പിന്മാറ്റം.
ജാമിയ മിലിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ജസ്റ്റിസ് അരുള്‍ വര്‍മയുടെ കോടതി പരിഗണിച്ചിരുന്നത്. നിലവില്‍ കേസ് സാകേത് ജില്ല കോടതിയിലേക്ക് മാറ്റി. വിചാരണ ഫെബ്രുവരി 13 ന് നടക്കും.
യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ലെന്നും കുറ്റാരോപിതരെ ബലിയാടാക്കുകയായിരുന്നു പൊലീസ് ചെയ്‌തതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഫെബ്രുവരി നാലിന് ഷര്‍ജീല്‍ ഇമാം അടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ കുറ്റവിമുക്തരാക്കിയത്. യഥാര്‍ഥ കുറ്റവാളികള്‍ അല്ലാത്തതിനാല്‍ ദീര്‍ഘ നാളത്തെ വിചാരണയ്‌ക്ക് ഇവരെ വിധേയരാക്കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയ്‌ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ജസ്റ്റിസ് അരുള്‍ വര്‍മയുടെ ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്‌ച ഹൈക്കോടതിയെ സമീപിച്ചു.
വിചാരണ കോടതിയുടെ വിധി വൈകാരികമാണെന്നായിരുന്നു പൊലീസ് ഹര്‍ജിയില്‍ ആരോപിച്ചത്. അന്വേഷണത്തിനെതിരെ ഗുരുതരമായ മുന്‍വിധികളും വിമര്‍ശനങ്ങളും ഉന്നയിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
2019 ഡിസംബര്‍ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷമാണ് ജാമിയ മിലിയ ആക്രമണം. സംഘര്‍ഷത്തില്‍ പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു.
ജാമിയ സംഘര്‍ഷം:2019 ഡിസംബര്‍ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷമാണ് ജാമിയ മിലിയ ആക്രമണം. സംഘര്‍ഷത്തില്‍ പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു.
സംഘര്‍ഷത്തെ തുടര്‍ന്ന് ജാമിയ നഗര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 353 (കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം), 147 (കലാപം), 148 (മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപം), 186 (സര്‍ക്കാര്‍ ജീവനക്കാരന്‍റെ കര്‍ത്തവ്യം തടസപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
ഷര്‍ജീല്‍ ഇമാമിനെതിരായ കുറ്റം: സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ വിവാദ പ്രസംഗം നടത്തി എന്നായിരുന്നു വിദ്യാര്‍ഥി നേതാവായിരുന്ന ഷര്‍ജീല്‍ ഇമാമിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ഷര്‍ജീല്‍ ഇമാം വിവാദം പ്രസംഗം നടത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. ജാമിയ ആക്രമണ കേസില്‍ ഷര്‍ജീലിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2019 ഡിസംബര്‍ 13 നായിരുന്നു കേസിന് ആസ്‌പദമായ ഷര്‍ജീലിന്‍റെ പ്രസംഗം. ഡിസംബര്‍ 15ന് ജാമിയ ആക്രമണം നടക്കുകയും ചെയ്‌തു. കേസില്‍ 2021 ലാണ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം ലഭിച്ചത്.