ചെന്നൈ: കഴിഞ്ഞ വര്‍ഷം പാലമേട് ജല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ച അരവിന്ദ് രാജിന്‍റെ ചിത്രം ജെല്ലിക്കെട്ട് ഗ്രൗണ്ടിന് സമീപം ഹാരമണിയിച്ച് കുടുംബം. 2023ലുണ്ടായ ജെല്ലിക്കെട്ട് മത്സരത്തിനിടെയാണ് അരവിന്ദ് രാജ് കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ് പരമ്പരാഗത ആഘോഷമായ ജെല്ലിക്കെട്ടിലെ നിറസാന്നിധ്യമായിരുന്നു അരവിന്ദെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതുകൊണ്ട് ജെല്ലിക്കെട്ടിനിടെ മരിച്ച തങ്ങളുടെ മകന്‍റെ സ്‌മാരകം പണിയണമെന്ന് കുടുംബം ഇടിവി ഭാരതിനോട് പറഞ്ഞു.
ഇതു സംബന്ധിച്ച് ജില്ല കലക്‌ടര്‍ക്കും മുനിസിപ്പല്‍ ഓഫിസര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാലമേട് ജെല്ലിക്കെട്ടില്‍ പങ്കെടുത്ത് ഹീറോയായ അരവിന്ദിനെ കുറിച്ച് വരും തലമുറ അറിയണമെന്നും അത്തരത്തിലൊരു പേരും പ്രശസ്‌തിയും തങ്ങളുടെ മകന് ലഭിക്കണമെന്നും മാതാപിതാക്കള്‍ പറയുന്നു.
തങ്ങള്‍ അനുഭവിക്കുന്ന വേദനയും കഷ്‌ടപ്പാടും മറ്റ് രക്ഷിതാക്കള്‍ക്ക് ഉണ്ടാകരുതെന്നും കുടുംബം പറയുന്നു. തമിഴരുടെ പാരമ്പര്യമായ ജെല്ലിക്കെട്ട് ഇനിയും തുടരണം. തങ്ങളുടെ മകന്‍ ഒരു നായകനായി മരിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും കുടുംബം പറഞ്ഞു.
തമിഴ്‌നാട്ടിലെ പാരമ്പര്യ മത്സരമാണ് ജല്ലിക്കെട്ട്. തമിഴ് പരമ്പര്യത്തിന്‍റെ ചരിത്ര ശേഷിപ്പ് എന്ന് ജല്ലിക്കെട്ടിനെ പറയാം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ജല്ലിക്കെട്ട് തമിഴ് വംശജരുടെ കായിക വിനോദം കൂടിയാണ്.