ജലന്ധർ: കോഴിക്കോട് എൻഐടി ഡയറക്‌ടർക്കെതിരെ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാർഥി അജിന്‍റെ അച്ഛൻ ദിലീപ്. 'മകൻ കഴിഞ്ഞ ദിവസം രാത്രിയും വിളിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നിയില്ല.
പക്ഷേ കോഴിക്കോട് എൻഐടിയില്‍ മൂന്നോ നാലോ വിഷയങ്ങളില്‍ പരീക്ഷ എഴുതാൻ ബാക്കിയുണ്ടായിരുന്നു എന്നും എന്നാല്‍ എൻഐടി ഡയറക്‌ടർ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ല എന്നും മകൻ പറഞ്ഞിരുന്നതായി' ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലന്ധറില്‍ എത്തിയ അജിന്‍റെ അച്ഛൻ പറഞ്ഞു. ഇന്ന് രാവിലെയാണ് ചേർത്തല സ്വദേശി അജിനെ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് കാരണമായി കോഴിക്കോട് എൻഐടി ഡയറക്‌ടറെ കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പ്രസാദ് കൃഷ്‌ണ എന്ന അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും പഠനം നിർത്തി പോകാൻ നിർബന്ധിച്ചിരുന്നതായും ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു. അതേസമയം, വിദ്യാർഥിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് പൊലീസ് അല്ലെന്നും യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് എത്തിച്ചതെന്നും ആശുപത്രിയിലെ ഡോക്‌ടർ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.