ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ മെയ് 28 വരെയാണ് ജയ്ശങ്കറിന്‍റെ അമേരിക്ക സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ന്യൂയോർക്കിൽ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെ കാണുമെന്നും പിന്നീട് വാഷിംഗ്ടൺ ഡിസിയിൽ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 വാക്‌സിന്‍ യുഎസില്‍ നിന്നും സംഭരിക്കാനുള്ള സാധ്യതകളാണ് പ്രധാന ചര്‍ച്ചാവിഷയമാവുക.
ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്ന കാബിനറ്റ് അംഗങ്ങളെയും അഡ്മിനിസ്ട്രേഷന്‍റെ മുതിർന്ന ഉദ്യോഗസ്ഥരെയും അദ്ദേഹം സന്ദർശിക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക സഹകരണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി ബിസിനസ് ഫോറങ്ങളുമായി ഇടപെടലുകൾ നടത്തുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.അതേസമയം കൊവിഡ് വാക്സിൻ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ യുഎസ് സ്ഥാപനങ്ങളുമായി ഇന്ത്യ ഇതിനോടകം ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്.
Read Also……..വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ വൈദ്യ സഹായമെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി
മെയ് മൂന്നിന് ലണ്ടനില്‍ ജി7 വിദേശമന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കവേ, യുഎസ് പ്രതിരോധസെക്രട്ടറി ആന്‍റണി ബ്ലിങ്കനെ ജയശങ്കര്‍ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി, വാക്‌സിന്‍ ഉല്‍പാദനശേഷി വര്‍ധിപ്പിക്കല്‍, വാക്‌സിന്‍ കൃത്യമായി എത്തിക്കാനുള്ള വിതരണശൃംഖല എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
യുഎസ് പ്രസിഡന്‍റ് ജോബൈഡന്‍ എട്ട് കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ജൂണ്‍ അവസാനത്തോടെ ആവശ്യമുള്ള രാഷ്ട്രങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആറ് കോടി ആസ്ട്ര സെനക വാക്‌സിന്‍ ഡോസുകളാണെങ്കില്‍ ബാക്കി രണ്ട് കോടി ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിന്‍ ഡോസുകള്‍ ആയിരിക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി യുഎസിലെ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി വാക്‌സിന്‍ സംഭരിക്കാനും പിന്നീട് ഉല്‍പാദിപ്പിക്കാനുമുള്ള സാധ്യതകള്‍ ആരായും. ഇതുവരെ യുഎസ് 50 കോടി യുഎസ് ഡോളര്‍ കൊവിഡ് 19 ആശ്വാസപദ്ധതിയെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്.