ലണ്ടൻ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. മെയ് മൂന്ന് മുതൽ ആറു വരെയുള്ള യുകെ സന്ദർശനത്തിൽ ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്‍റെ ഭാഗമായി ലണ്ടനിൽ വച്ചാണ് എസ്. ജയശങ്കർ ബ്ലിങ്കനുമായി കൂടിക്കാഴ്‌ച നടത്തിയത്.
യു.എസിന്‍റെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യ
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും കൂടിക്കാഴ്‌ച നടത്തി
കൊവിഡ് പ്രതിസന്ധി, വാക്‌സിൻ ഉത്‌പാദനം, വിതരണം എന്നിവയും ഇരുവരുടെയും ചർച്ചാ വിഷയമായി. ഈ പ്രതിസന്ധി ഘട്ടത്തിലെ യു.എസിന്‍റെ പിന്തുണയ്‌ക്ക് വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു കൊണ്ട് ട്വീറ്റും ചെയ്‌തു. ഇന്തോ-പസഫിക്, യുഎൻ സെക്യൂരിറ്റി കൗൺസിൽ, മ്യാൻമർ, കാലാവസ്ഥാ വ്യതിയാനം എന്നിവയും തങ്ങളുടെ ചർച്ചയിൽ ഉൾപ്പടുത്തിയതായി വിദേശകാര്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ അവസ്ഥകൾ യു.എസ് നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയ്‌ക്ക് ആവശ്യമായ സഹായം നൽകുമെന്നും ബ്ലിങ്കൻ അറിയിച്ചു.
കൂടുതൽ റെംഡെസിവിർ വേണമെന്ന ഇന്ത്യയുടെ അഭ്യർഥന അനുസരിച്ച് ഉടൻ തന്നെ യുഎസിൽ നിന്ന് റെംഡെസിവിർ കയറ്റുമതി ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങളും ആഗോള പൊതുജനാരോഗ്യത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു.