ന്യൂഡല്‍ഹി: മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്‌ദുല്ല ഷാഹിദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയതായിരുന്നു അബ്‌ദുല്ല. കൂടിക്കാഴ്ചയിൽ അബ്‌ദുല്ല ഷാഹിദിന്‍റെ പ്രതീക്ഷ പ്രമേയമാക്കിയ യുഎൻ അധ്യക്ഷപദത്തിന്‍റെ മുൻഗണനകളെ കുറിച്ച് സംസാരിക്കുകയും ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് ജയ്‌ശങ്കർ അറിയിച്ചു. ജൂലൈ 7ന് ന്യൂയോർക്കിൽ നടന്ന വോട്ടെടുപ്പിലാണ് അബ്ദുല്ലയെ യുഎൻ പൊതുസഭയുടെ 76-ാമത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ അബ്‌ദുല്ല ഷാഹിദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. ലോകത്തിന് മുന്നിൽ മാലിദ്വീപിന്‍റെ വർധിച്ചുവരുന്ന പ്രാതിനിധ്യത്തെയാണ് അബ്‌ദുല്ലയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് നരേന്ദ്ര മോദി സന്ദർശനത്തിനിടെ പറഞ്ഞു. കൂടിക്കാഴ്ചയിൽ ലോകത്തിന്‍റെ നിലവിലെ യാഥാർഥ്യങ്ങളെയും ജനങ്ങളുടെ അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനായി യുഎൻ ഘടകങ്ങളെ ഉൾപ്പെടെ പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകത മോദി വിശദീകരിച്ചു.