ന്യൂഡൽഹി: മൂന്നാം ഘട്ട വാക്സിൻ വിതരണത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ്. മൂന്ന് കാര്യങ്ങളാണ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചത്. എന്തുകൊണ്ട് 18നും 44നും ഇടയിൽ പ്രായമുള്ള 86,023 പേർ മാത്രം മെയ് രണ്ടിന് വാക്സിൻ എടുത്തു? എന്തുകൊണ്ട് ഇതുവരെ 11 സംസ്ഥാനങ്ങളിൽ മാത്രം മൂന്നാം ഘട്ട വാക്സിൻ വിതരണം നടക്കുന്നു? കൂടാതെ മെയ് രണ്ടിന് ആകെ വാക്സിൻ എടുത്തവരിൽ 60 ശതമാനം പേരും ഗുജറാത്തിൽ നിന്നുള്ളവരാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
മൂന്നാം ഘട്ട വാക്സിനേഷനിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ജയറാം രമേശ് - കൊവീഷീൽഡ്
കേന്ദ്രത്തോടുള്ള ചോദ്യങ്ങളടക്കം മൂന്ന് കാര്യങ്ങളാണ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചത്.
24 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ 12,978 പുതിയ കൊവിഡ് കേസുകളും 153 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ 5,94,602 കൊവിഡ് കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,46.818 ആണ്. അതേസമയം, യൂത്ത് കോൺഗ്രസ് അംഗങ്ങൾ ന്യൂസിലൻഡ്, ഫിലിപ്പീൻസ് രാജ്യങ്ങളിലെ വിദേശ എംബസികൾക്ക് ഓക്‌സിജൻ എത്തിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം മുൻ കേന്ദ്രമന്ത്രി ജയറാം രമേശും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും തമ്മിൽ സമൂഹമാധ്യമത്തിൽ വാക്പോര് നടന്നിരുന്നു.
ഇന്ത്യയിൽ കേന്ദ്രസർക്കാർ നിലവിലിരിക്കെ പ്രതിപക്ഷ പാർട്ടിയുടെ യുവനേതാക്കൾ വിദേശ എംബസികൾക്ക് സഹായമെത്തിക്കുകയാണെന്നും ഈ സമയം വിദേശ മന്ത്രാലയം ഉറങ്ങുകയായിരുന്നോയെന്നും ജയറാം ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ജയറാം ജീ, വിദേശമന്ത്രാലയം ഒരിക്കലും ഉറങ്ങുന്നില്ലെന്നും ആരാണ് അഭിനയിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നും എസ്. ജയ്‌ശങ്കർ ട്വീറ്റ് ചെയ്യുകയായിരുന്നു.