ശ്രീനഗര്‍ : ജമ്മു കശ്‌മീരിന് നഷ്‌ടപ്പെട്ട പ്രത്യേക പദവി നല്‍കുന്ന നിയമം പുനസ്ഥാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കശ്‌മീരിലെത്തിയ ജയ്‌റാം, ശ്രീനഗറിലെ ലാൽ ചൗക്കിലെ ജെകെപിസിസി ഓഫിസിൽ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രതിപക്ഷ പാർട്ടികൾ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ എത്തില്ലെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസിന് തിരിച്ചടിയായോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതൊരു സഖ്യത്തിന് വേണ്ടിയുള്ള ശ്രമം അല്ലായിരുന്നു. സമാന നിലപാടുള്ള പാർട്ടികളെ ആദരപൂർവം ക്ഷണിക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.