ന്യൂഡൽഹി:ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന് പുതിയ രാഷ്‌ട്രീയ മാനം നൽകാൻ കോണ്‍ഗ്രസിനായെന്ന് മുതിർന്ന നേതാവ് ജയറാം രമേശ്. രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ പ്രത്യയശാസ്‌ത്ര അടിത്തറയ്‌ക്ക് മൂർച്ച കൂട്ടാൻ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി രാഷ്‌ട്രീയ വ്യവഹാരത്തിന് പുതിയ ദിശാബോധമാണ് നൽകിയത്. യാത്രയിലുടനീളം ഞങ്ങൾ ബിജെപിയെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബിജെപിയുടെ ആരോപണങ്ങൾക്കെതിരെയും, പ്രവർത്തികൾക്കെതിരെയും ഞങ്ങൾ പ്രതികരിച്ചുകൊണ്ടിരുന്നു. ഭാരത് ജോഡോ യാത്രയിലൂടെ രാഷ്ട്രീയ വ്യവഹാരത്തിൽ സംവാദത്തിന്‍റെ നിബന്ധനകളും ആഖ്യാനവും ക്രമീകരിക്കുന്നതിൽ ഞങ്ങൾ വലിയ തോതിൽ വിജയിച്ചുവെന്ന് ഞാൻ കരുതുന്നു, ജയറാം രമേശ് പറഞ്ഞു.