സനാവദ് (മധ്യപ്രദേശ്): രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റിനെ 'ഗദ്ദാര്‍' (വഞ്ചകന്‍) എന്നു വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിനെ വഞ്ചകനെന്ന് അഭിസംബോധന ചെയ്‌തത് അപ്രതീക്ഷിതമായായിരുന്നു എന്ന് ജയറാം രമേശ് വിശദീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇരുവരെയും ഒരുപോലെ ആവശ്യമുണ്ടെന്നും രാജസ്ഥാനിലെ പ്രതിസന്ധി വ്യക്തി കേന്ദ്രീകൃതമല്ലാതെ സംഘടനയുടെ താല്‍പര്യം കണക്കിലെടുത്ത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഞ്ചകനായത് എങ്ങനെ: ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ പൈലറ്റ് 'ഗദ്ദാര്‍' ആണെന്നും അദ്ദേഹത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നും അശോക് ഗെലോട്ട് പ്രതികരിച്ചത്. സച്ചിന്‍ പൈലറ്റ് 2020 ല്‍ കോണ്‍ഗ്രസിനെതിരെ പ്രവർത്തിച്ചുവെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചുവെന്നും ഗെലോട്ട് വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ പരസ്‌പരമുള്ള ഈ ചളി വാരിയെറിയല്‍ പാര്‍ട്ടിയെ സഹായിക്കില്ലെന്ന് ജയറാം രമേശ് നിലപാട് വ്യക്തമാക്കി.