ജയ്‌പൂർ : നിവിന്‍ പോളി ചിത്രം മഹാവീര്യറില്‍ ഭാര്യയ്‌ക്ക് ജീവനാംശമായി നല്‍കേണ്ട 24,000 രൂപ നാണയത്തുണ്ടുകളായി കോടതിയില്‍ കൊണ്ടുവരുന്ന ഭര്‍ത്താവിന്‍റെ ഒരു രംഗമുണ്ട്. ഒരു ചാക്ക് നിറയെ നാണയങ്ങളുമായി കോടതിയില്‍ എത്തുകയാണ് ഇയാള്‍. ചില്ലറയോ, ഇത് ആരെണ്ണി തിട്ടപ്പെടുത്താനാണ് എന്ന് വക്കീല്‍ ചോദിക്കുമ്പോള്‍ ജീവിതത്തില്‍ എന്നോട് എണ്ണി എണ്ണി കണക്ക് ചോദിച്ചവളാണ് ഇവളെന്നും ഇത് ഇവള് തന്നെ എണ്ണുമെന്നുമാണ് ഭര്‍ത്താവിന്‍റെ മറുപടി.
മഹാവീര്യറിലെ ഈ സീന്‍ ഓര്‍മപ്പെടുത്തുന്ന ഒരു സംഭവം ഈയിടെ രാജസ്ഥാനിലെ ജയ്‌പൂരിലുമുണ്ടായി. ജീവനാംശമായി യുവതിക്ക് ഭർത്താവ് നൽകിയത് 55,000 രൂപയുടെ നാണയത്തുട്ടുകളായിരുന്നു. ഇത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും നാണയങ്ങളായി തുക സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് യുവതി ജയ്‌പൂരിലെ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഭർത്താവ് മനഃപൂർവം നാണയങ്ങളായി നൽകി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ പരാതി.
11 മാസത്തെ കുടിശികയായ ജീവനാംശ തുകയാണ് ഭർത്താവ് 55,000 രൂപയുടെ നാണയങ്ങളായി കോടതിയിൽ അടച്ചത്.എന്നാൽ 2011ലെ കോയിനേജ് ആക്‌ട് പ്രകാരം 1000 രൂപയിൽ കൂടുതൽ നാണയങ്ങൾ വഴിയുള്ള ഇടപാട് സാധുതയുള്ളതല്ല. അതിനാൽ തന്നെ നാണയങ്ങൾക്ക് പകരം കറൻസിയായി നഷ്‌ടപരിഹാര തുക നൽകണം. അല്ലാത്തപക്ഷം കോടതിയുടെ നിർദേശം പാലിച്ച് ജയിൽ ശിക്ഷ വിധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.