ഹൈദരാബാദ് :സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ( rajinikanth's jailer) ഏറ്റവും പുതിയ ചിത്രമായ 'ജയിലര്‍' റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനികാന്തിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കിയ ചിത്രം ബോക്‌സോഫിസില്‍ കോടികള്‍ വാരിക്കൂട്ടി കുതിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ സ്‌പോട്ടിഫൈയിൽ (spotify) ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ ട്രാക്ക് എന്ന അംഗീകാരം കൂടി നേടിയിരിക്കുകയാണ് ചിത്രത്തിലെ 'ഹുക്കും- തലൈവര്‍ അലൈപ്പരൈ'(Hukum - Thalaivar Alapparai) എന്ന ഗാനം. അനിരുദ്ധ് രവിചന്ദറാണ് (Music Director Anirudh Ravichander) ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സാണ് (sun pictures) വാര്‍ത്ത ട്വീറ്റ് ചെയ്‌തത്. 'ഗാനം സ്പോട്ടിഫൈയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമാണിത്'- ജയിലറിലെ പോസ്‌റ്റര്‍ ചിത്രത്തോടൊപ്പം സണ്‍ പിക്‌ചേഴ്‌സ് കുറിച്ചു.
ഉത്തര്‍പ്രദേശില്‍ 'ജയിലര്‍' പ്രത്യേക പ്രദര്‍ശനം :അതേസമയം, ലക്‌നൗവില്‍ നടക്കുന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയിരിക്കുകയാണ് രജനികാന്ത്. ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും (yogi adityanath) പങ്കെടുക്കും. പ്രദര്‍ശനത്തിന് മുന്നോടിയായി രജനികാന്ത്, രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
രജനികാന്ത് ഉത്തര്‍പ്രദേശില്‍ എത്തിയ ചിത്രം സംസ്ഥാനത്തെ ഔദ്യോഗിക എക്‌സ്(ട്വിറ്റര്‍) പേജില്‍ പങ്കുവച്ചിരുന്നു. ഗവര്‍ണറും രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തുന്ന സുവര്‍ണ നിമിഷത്തിന്‍റെ ചിത്രമായിരുന്നു സംസ്ഥാനത്തെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ചത്. മാത്രമല്ല, നാളെ രജനികാന്ത് അയോദ്ധ്യയിലും സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.