റിലീസ് ചെയ്‌ത് 17 ദിവസം പിന്നിടുമ്പോഴും രജനികാന്തിന്‍റെ (Rajinikanth) 'ജയിലര്‍' (Jailer) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 17-ാം ദിനത്തില്‍ ചിത്രം 5.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് (Jailer Box Office Collection).
റിപ്പോര്‍ട്ടുകള്‍ പ്രകാരം 307.7 കോടി രൂപയാണ് 'ജയിലര്‍' ഇതുവരെ ഇന്ത്യയില്‍ നിന്ന് കലക്‌ട് ചെയ്‌തത്. അതേസമയം ആഗോളതലത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ 'ജയിലര്‍'. ചിത്രം 600 കോടി തികയ്‌ക്കാന്‍ ഇനി അല്‍പ്പദൂരം മാത്രം.
ഓഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രധാനമായും തമിഴില്‍ ഒരുങ്ങിയ ചിത്രം, ഹിന്ദി, കന്നഡ, തെലുഗു എന്നീ ഭാഷകളിലും മൊഴിമാറ്റം ചെയ്‌ത് റിലീസിനെത്തിച്ചിരുന്നു. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയിൽ 'ജയിലര്‍' 235.85 കോടി രൂപയും തൊട്ടടുത്ത ആഴ്‌ച 62.95 കോടി രൂപയുമാണ് കലക്‌ട് ചെയ്‌തത്. റിലീസ് കഴിഞ്ഞുള്ള മൂന്നാമത്തെ വെള്ളിയാഴ്‌ച ചിത്രം 3.4 കോടി രൂപയും നേടി.
അതേസമയം റിലീസ് കഴിഞ്ഞുള്ള മൂന്നാമത്തെ ശനിയാഴ്‌ചയില്‍ തിയേറ്ററുകളില്‍ ആളുകള്‍ കൂടി. എല്ലാ ഇന്ത്യന്‍ ഭാഷകളിലുമായി ചിത്രം മൂന്നാമത്തെ ശനിയാഴ്‌ചയില്‍ (17-ാം ദിനം) 5.5 കോടി രൂപ നേടുകയും ചെയ്‌തു.
ആഗോള ബോക്‌സ് ഓഫിസിലും മികച്ച സംഖ്യകളാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 500 കോടി രൂപ നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും 'ജയിലര്‍' സ്വന്തമാക്കി. രജനികാന്ത് ചിത്രം 2.0, മണിരത്‌നം സംവിധാനം ചെയ്‌ത 'പൊന്നിയിന്‍ സെല്‍വന്‍ : 1' (Ponniyin Selvan: I) എന്നിവയാണ് ഇതിന് മുമ്പ് 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ച തമിഴ് ചിത്രങ്ങള്‍. ഒരു ട്രേഡ് അനലിസ്‌റ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.