മന്ദ്‌സൗർ :വിവാഹച്ചടങ്ങിനിടെ, വിവാദ ആൾദൈവം രാംപാലിന്‍റെ പ്രഭാഷണം സ്‌ക്രീനിൽ പ്രദർശിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു. വിവാഹത്തിൽ പങ്കെടുത്തവർ തമ്മിലുണ്ടായ തർക്കത്തിൽ ദേവിലാൽ മീണ (55) എന്നയാൾക്കാണ് വേടിയേറ്റത്.
ഇയാൾക്ക് നേരെ നിറയൊഴിച്ച ശൈലേന്ദ്ര എന്ന പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് സുനിൽ കുമാർ പാണ്ഡെ അറിയിച്ചു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് കമൽ പതിദാർ, ലളിത് സുതാർ, മംഗൾ എന്നിങ്ങനെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു.
ALSO READ:ജനറൽ ബിപിൻ റാവത്തിനെതിരെ അപകീർത്തി പ്രചരണം ; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
മന്ദ്‌സൗറിലെ ഭൈൻസോദ മാണ്ഡി ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. 200ഓളം പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടെ തടവിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം രാംപാലിന്‍റെ പ്രഭാഷണം എൽസിഡി സ്ക്രീനിൽ പ്രദർശിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായത്.
വിവാഹത്തിൽ പങ്കെടുത്തവരിൽ ചിലർ പ്രഭാഷണം പ്രദർശിപ്പിക്കുന്നതിനെ എതിർത്തു. തുടർന്ന് സംഘർഷം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മീണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമോനിയ ഗ്രാമത്തിലെ മുൻ സർപഞ്ചാണ് പരിക്കേറ്റ മീണ.
ഹരിയാനയിലെ ബർവാലയിൽ ആശ്രമം നടത്തിവന്നിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം രാംപാലിനെ, കൊലപാതക കുറ്റം ആരോപിച്ച് 2014 നവംബറിലാണ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 2018ൽ ഇയാളെ വിവിധ വകുപ്പുകൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.