ഗോപാൽഗഞ്ച് : ബിഹാറിലെ ഗോപാൽഗഞ്ച് ജില്ല ജയിലിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ശനിയാഴ്‌ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടയിലാണ് തടവുകാരനായ ഖൈഷർ അലി ഫോൺ വിഴുങ്ങിയത്. തുടർന്ന് ഞായറാഴ്‌ച അലിക്ക് വയറിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തുപറയുന്നത്.
അലി ജയിൽ അധികൃതരെ വിവരമറിയിക്കുകയും നടന്ന സംഭവങ്ങൾ വിവരിക്കുകയുമായിരുന്നു. ഉടൻ തന്നെ അലിയെ ഗോപാൽഗഞ്ച് ജില്ല ആശുപത്രിയിൽ എത്തിച്ചതായി ഗോപാൽഗഞ്ച് ജയിൽ സൂപ്രണ്ട് മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിച്ച അലിയുടെ വയറിലെ എക്‌സ്‌റേ എടുത്ത് പരിശോധിച്ചതിൽ ഫോൺ കണ്ടെത്തുകയും, വിശദമായി പരിശോധിക്കുന്നതിനായി പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു.