ഷിംല: കൊവിഡ് വ്യാപനത്തെ നേരിടാൻ സംസ്ഥാന സർക്കാർ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനാൽ സംസ്ഥാനത്ത് ലോക്ക്‌ഡൗണിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കൊവിഡ് വാക്‌സിനേഷനൊപ്പം മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ പ്രകടനത്തിൽ ജനങ്ങൾ സന്തുഷ്‌ടരാണെന്നും അതിനാൽ മാണ്ഡി ലോക്‌സഭയിലും ഫത്തേപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എളുപ്പത്തിൽ വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് ബാധിച്ച് കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടവരുടെ എണ്ണം കൂടുതൽ ആയതിനാൽ അവരെ സംരക്ഷിക്കുന്ന കാര്യത്തിൽ സമഗ്രമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമ ഉദ്യോഗസ്ഥർക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്‌പ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 76,375 ആയി ഉയരുകയും 10 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,177 ആയി ഉയരുകയും ചെയ്‌തു.