'മാളികപ്പുറം' (Malikappuram) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ (Unni Mukundan). 'ജയ് ഗണേഷ്' (Jai Ganesh) എന്നാണ് ഉണ്ണി മുകുന്ദന്‍റെ പുതിയ സിനിമയുടെ പേര്. നവംബര്‍ ഒന്നിന് 'ജയ് ഗണേഷി'ന്‍റെ ചിത്രീകരണം ആരംഭിക്കും (Jai Ganesh Title Video).
രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) ആണ് സിനിമയുടെ സംവിധാനം. രഞ്ജിത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുക. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണീ ചിത്രം. അതേസമയം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
'ജയ് ഗണേഷി'ല്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. 'ജയ് ഗണേഷി'ന്‍റെ ടൈറ്റില്‍ പ്രഖ്യാപന വീഡിയോ ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍വച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. സംവിധായകന്‍ രഞ്ജിത് ശങ്കറും 'ജയ് ഗണേഷി'ന്‍റെ വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
'ജയ് ഗണേഷി'ന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം, ഗണപതി വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തെരച്ചിലില്‍ ആയിരുന്നു താന്‍ എന്നും, നായകനായി ഉണ്ണി മുകുന്ദനിലേയ്‌ക്ക് എത്തിയെന്നും രഞ്ജിത്ത് ഫേസ്‌ബുക്കില്‍ കുറിച്ചു.
'ജയ് ഗണേഷ് രചിച്ച ശേഷം ഞാൻ ഒരു നടനെ തെരയുകയായിരുന്നു. 'മാളികപ്പുറം' എന്ന സിനിമയ്‌ക്ക് ശേഷം ഏഴ് മാസത്തോളം ചിത്രീകരണം ഒന്നും ഇല്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ ശരിയായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ 'ജയ് ഗണേഷി'നെ കുറിച്ച് ചർച്ച ചെയ്‌തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടമായി. ഞാൻ എന്‍റെ നടനെ കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - രഞ്ജിത് ശങ്കര്‍ കുറിച്ചു.
അതേസമയം 'മാളികപ്പുറം' ആണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്‍ണു ശശി ശങ്കറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ബാലതാരം ദേവനന്ദ, ശ്രീപത്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അഭിലാഷ് പിള്ള, രഞ്‍ജി പണിക്കര്‍, മനോജ് കെ ജയൻ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
'ഗന്ധര്‍വ്വ ജൂനിയര്‍' ആണ് ഉണ്ണി മുകുന്ദന്‍റെ മറ്റൊരു പുതിയ ചിത്രം. വിഷ്‍ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്‍റസിയും ഹാസ്യവും കലര്‍ന്നതാണ്. അതേസമയം സിനിമയുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Also Read:ആ കുട്ടികളുടെ സന്തോഷമില്ലാതാക്കരുതെന്ന് തിരക്കഥാകൃത്ത് ; എല്ലാത്തിനും അര്‍ഥമുണ്ടാകുന്ന ദിവസം വരുമെന്ന് ഉണ്ണി മുകുന്ദന്‍
ഒരു ഗന്ധർവ്വന്‍റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവുമാവുന്ന നർമ നിമിഷങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രവീണ്‍ പ്രഭാറാം, സുജിൻ സുജാതന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന സിനിമയുടെ നിര്‍മാണം ലിറ്റില്‍ ബിഗ് ഫിലിംസും എം ഇന്‍ഫോടെയിന്‍മെന്‍റുമാണ് നിര്‍വഹിക്കുക.