ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 528 എംപിമാരുടെ പിന്തുണയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്. പ്രതിപക്ഷത്തിന്‍റെ മാര്‍ഗരറ്റ് ആല്‍വയ്‌ക്ക് 182 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള രാജസ്ഥാനിലെ ജാട്ട് നേതാവും പശ്ചിമ ബംഗാൾ മുൻ ഗവർണറുമാണ് 71 കാരനായ ധൻകർ. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്‍റിലെ 63-ാം നമ്പര്‍ മുറിയിലൊരുക്കിയ പോളിങ് ബൂത്തിലാണ് വോട്ടിങ് നടന്നത്.
780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തത്. ആദ്യം വോട്ട് ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പിന്നാലെയാണ്. പിന്നാലെയാണ് മറ്റ് നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയത്.
സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നീ ബിജെപി എംപിമാര്‍ വോട്ട് ചെയ്‌തില്ല. അസുഖബാധിതരായതിനെ തുടര്‍ന്നാണ് ഇവര്‍ എത്താതിരുന്നത്. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ വിട്ടു നിന്നു. ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.
നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ആഗസ്‌റ്റ് പത്തിനാണ് അവസാനിക്കുന്നത്. അതിന് അടുത്ത ദിവസമാണ് (11-08-2022) ജഗ്‌ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കുന്നത്.