ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതിയാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തീരുമാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫെഡറൽ അന്വേഷണ ഏജൻസി താരത്തെ പ്രതിയാക്കികൊണ്ട് ഈ കേസിൽ പുതിയ കുറ്റപത്രം ഡൽഹി കോടതിയിൽ സമർപ്പിക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസ്, ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതിയാക്കാൻ ഇഡി - Jacqueline Fernandez
ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി പ്രതിയാക്കുന്നു. സുകേഷ് ചന്ദ്രശേഖറിൽ നിന്നും വലിയൊരു തുക താരത്തിന്‍റെ കുടുംബം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇഡി.
ഈ കേസിൽ താരത്തെ പല തവണ ചോദ്യം ചെയ്‌തിരുന്നു. കുറ്റകൃത്യത്തിന്‍റെ വരുമാനം എന്ന രീതിയിൽ 15 ലക്ഷം രൂപയ്‌ക്ക് പുറമെ പിഎംഎൽഎയ്‌ക്ക് കീഴിൽ താരത്തിന്‍റെ 7.27 കോടി രൂപ ഇഡി താത്‌കാലികമായി കണ്ടുകെട്ടി. വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച വരുമാനത്തിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ 5.71 കോടി രൂപയുടെ വിവിധ സമ്മാനങ്ങൾ ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയിരുന്നതായും ഇതിനായി പിങ്കി ഇറാനിയെ നിയമിച്ചിരുന്നതായും ഇഡി അറിയിച്ചു.
ഇതിനു പുറമെ കോടിക്കണക്കിന് രൂപ താരത്തിന്‍റെ കുടുംബാംഗങ്ങൾക്കായി സുകേഷ് നൽകിയിട്ടുണ്ട്. ഫെർണാണ്ടസിന്‍റെ വെബ് സീരീസ് പ്രോജക്‌റ്റിന്‍റെ തിരക്കഥയെഴുതുന്നതിന് അഡ്വാൻസായി ചന്ദ്രശേഖർ ഒരു തിരക്കഥാകൃത്തിന് 15 ലക്ഷം രൂപ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും ഏജൻസി പറഞ്ഞു.