ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-ത്വയിബ കമാൻഡർ ഉൾപ്പെടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. 2017 മുതൽ താഴ്വരയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇഷ്ഫാക്ക് ദാർ അഥവാ അബു അക്രം എന്നയാളാണ് മരിച്ച കമാൻഡർ എന്ന് കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. ഷോപിയാനിലെ സാദിഖ് ഖാൻ പ്രദേശത്താണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.